കര്‍ണാടകയില്‍ കഴിഞ്ഞ ബി.ജെ പി സര്‍ക്കാര്‍ നടപ്പാക്കിയ മതപരിവര്‍ത്തന വിരുദ്ധ നിയമം കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കര്‍ണാടക മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. കര്‍ണാടകയിലെ മുന്‍ ബി.ജെ.പി സര്‍ക്കാര്‍ ഉണ്ടാക്കിയ എല്ലാ നിയമങ്ങളും പുനഃപരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ റദ്ദാക്കുമെന്നും കോണ്‍ഗ്രസ് നേരത്തെ തിരഞ്ഞെടുപ്പ് വാഗ്ദാനമായി പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം മേയില്‍ ആണ് ഓര്‍ഡിനനന്‍സിലൂടെ കര്‍ണാടകയില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം ബസവരാജ് ബൊമ്മെ സര്‍ക്കാര്‍ കൊണ്ടുവന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുക എന്ന പേരിലാണ് കര്‍ണാടകയിലെ ക്രിസ്ത്യന്‍ മതബോധന പ്രവര്‍ത്തനങ്ങളെ ലക്ഷ്യമിട്ട് ബി.ജെ.പി സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നത്. 2021 ഡിസംബറിലാണ് നിയമം നിയമസഭയില്‍ അവതരിപ്പിച്ചത്. 2022 മേയ് 17ന് കര്‍ണാടക ഗവര്‍ണര്‍ തവാര്‍ചന്ദ് ഗെലോട്ട് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കി. നിയമത്തിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്ത് വന്നിരുന്നു.

മതസ്വാതന്ത്ര്യത്തിനെതിരെയാണ് എന്ന് ചൂണ്ടിക്കാട്ടി ക്രിസ്ത്യന്‍ സംഘടനകള്‍ കോടതിയില്‍ പോകുകയും ചെയ്തു.അതേസമയം ആര്‍.എസ്.എസ് ആചാര്യന്മാരായ വി.ഡി. സവര്‍ക്കറെയും കെ.ബി. ഹെഡ്‌ഗെവാറെയും കുറിച്ചുള്ള പാഠഭാഗങ്ങള്‍ സ്‌കൂള്‍ സിലബസില്‍ നിന്ന് നീക്കം ചെയ്യാന്‍ും കര്‍ണാടക മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ചരിത്രപുസ്തകത്തില്‍ ഇവരെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തത്. ഇതിനൊപ്പം ബി.ജെ.പി സര്‍ക്കാര്‍ സ്‌കൂള്‍ സിലബസില്‍ വരുത്തിയ എല്ലാ മാറ്റങ്ങളും നീക്കംചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *