ബിജെപിക്കെതിരെ ചരിത്ര നീക്കവുമായി പ്രതിപക്ഷം. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കും നരേന്ദ്ര മോദിക്കുമെതിരെ ഒന്നിച്ച് പോരാടാന്‍ പ്രതിപക്ഷ സഖ്യം. ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റാന്‍ ഒന്നിച്ച് നില്ക്കാന് പാറ്റ്നയില്‍ നടന്ന യോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചു. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് പാര്‍ട്ടികള്‍ ഒന്നിച്ച് പോരാടും. പ്രതിപക്ഷ മുഖമായി ഒരു പാര്‍ട്ടിയേയും ഉയര്‍ത്തിക്കാട്ടില്ല.
ഇന്നുണ്ടായത് വളരെ പ്രതീക്ഷയുണ്ടാക്കുന്ന ചര്‍ച്ചകളാണെന്നും പ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്ത യോഗം ജൂലൈയില്‍ ഷിംലയില്‍ ചേരുമെന്നും ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ അറിയിച്ചു. പൊതു മിനിമം പരിപാടി, മണ്ഡലങ്ങളിലെ പൊതു സ്ഥാനാര്‍ത്ഥി തുടങ്ങിയ വിഷയങ്ങളില്‍ ഷിംല യോഗത്തിലാകും ഐക്യത്തിലെത്തുക.
നിതീഷ് കുമാറിന്റെ അധ്യക്ഷതയിലാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നത്. യോഗത്തില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ നിരയില്‍ പ്രാമുഖ്യം ലഭിച്ചുവെന്നത് ശ്രദ്ധേയമാണ്. യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നിതിഷ് കുമാറിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയുമാണ് സംസാരിച്ചത്. ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമെന്നും അഭിപ്രായ വ്യത്യാസം മറന്ന് പ്രതിപക്ഷം ഒരുമിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.