തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ മുൻ വൈസ് ചെയർമാൻ ടി.പി ശ്രീനിവാസനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മർദ്ദിച്ചപ്പോള്‍ നോക്കി നിന്ന പോലീസുകാർക്കെതിരായ കേസ് ലോകായുക്തത അവസാനിപ്പിച്ചു. കോവളത്ത് ഉന്നത വിദ്യാഭ്യാസ യോഗത്തിൽ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് എസ്.എഫ്.ഐ പ്രവർത്തകർ പോലീസ് നോക്കി നിൽക്കേ ടി.പി ശ്രീനിവാസനെ മർദ്ദിച്ചത്. ഇതിൽ സ്വമേധയാ എടുത്ത കേസാണ് അവസാനിപ്പിച്ചത്.
പോലീസ് ഉദ്യോഗസ്ഥർ മാപ്പ് പറഞ്ഞതു കൊണ്ടും പ്രളയ കാലത്ത് പൊലീസുകാരുടെ സേവനം പരിഗണിച്ചും തുടർനടപടികള്‍ വേണ്ടെന്ന് ടി.പി ശ്രീനിവാസൻ ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചു. ഈ കത്ത് സർക്കാർ അഭിഭാഷകൻ ലോകായുക്തയിൽ നൽകി. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതായും സർക്കാർ അഭിഭാഷകൻ ചന്ദ്രശേഖരൻ കോടതിയെ അറിയിച്ചു. ഇതേ തുടർന്നാണ് ലോകായുക്ത തുടർനടപടികള്‍ അവസാനിപ്പിച്ചത്.
അപ്രതീക്ഷിതമായ പ്രളയത്തിന്റെ പിടിയിലമർന്ന കേരളത്തിൽ ഇതു പൊറുക്കലിന്റെയും പൊരുത്തപ്പെടലിന്റെയും കാലമാണെന്നും രക്ഷാദൗത്യത്തിലും പുനരധിവാസത്തിലും പോലീസ് സേന സമാനതകളില്ലാത്ത സംഭാവനയാണു കാഴ്ചവച്ചതെന്നും ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തിൽ ശ്രീനിവാസൻ ചൂണ്ടിക്കാട്ടിയിരുന്നു.