തിരുവനന്തപുരം: സൈദ്ധാന്തികവാരികളിലൂടെയുള്ള സി.പി.എം-സി.പി.ഐ പോര് മുറുകുന്നു. സി.പി.ഐക്കെതിരെ ചിന്തവാരികയില്‍ വന്ന പരാമര്‍ശങ്ങള്‍ക്ക് വീണ്ടും രൂക്ഷവിമര്‍ശനവുമായി സി.പി.ഐയുടെ നവയുഗം രംഗത്തുവന്നു. കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയവഞ്ചന നടത്തിയതും അതിന് നേതൃത്വം കൊടുത്തതും 1967ല്‍ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസാണെന്ന് തുറന്നടിച്ച് സി.പി.ഐയുടെ സൈദ്ധാന്തികമുഖ മാസികയായ നവയുഗം സി.പി.എമ്മിനെതിരെ രംഗത്തുവന്നിരിക്കുന്നത്. തുടര്‍ച്ചയായി രണ്ടാം ലക്കമാണ് ചിന്തയ്ക്ക് നവയുഗം മറുപടി എഴുതുന്നത്.
എം.എന്‍. ഗോവിന്ദന്‍നായര്‍ക്കും ടി.വി. തോമസിനുമെതിരായ അഴിമതിയാരോപണത്തിന് പിന്നില്‍ സി.പി.എമ്മായിരുന്നു. ദീര്‍ഘകാലം കൂടെ പ്രവര്‍ത്തിച്ച സ്വന്തം സഖാക്കളെ പ്രതിക്കൂട്ടില്‍ നിറുത്താന്‍ ഇ.എം.എസിനെ നയിച്ച ചേതോവികാരം ഇപ്പോഴും അജ്ഞാതമാണെന്നും വിജയന് എന്ന ലേഖകന്റെ പേരില്‍ പ്രസിദ്ധീകരിച്ച തിരിഞ്ഞുകൊത്തുന്ന നുണകള്‍ എന്ന ലേഖനപരമ്പരയുടെ രണ്ടാംഭാഗത്തില്‍ സി.പി.ഐ പറയുന്നു. രൂക്ഷമായ വിമര്‍ശനങ്ങളാണ് സി.പി.എമ്മിനെതിരെ ഈ ലേഖനത്തില്‍ ഉയര്‍ത്തിയിരിക്കുന്നത്.
ജനസംഘത്തോടൊപ്പം കൂടിയത് തെറ്റെന്ന് സുന്ദരയ്യ പറഞ്ഞു…
– സി.പി.എം അടിയന്തരാവസ്ഥയെ എതിര്‍ക്കാനെന്ന പേരിലും കോണ്‍ഗ്രസ് വിരോധത്തിന്റെ അടിസ്ഥാനത്തിലുമുണ്ടാക്കിയ കൂട്ടുകെട്ടുകളെ പറ്റി പോളിറ്റ്ബ്യൂറോ അംഗവും ജനറല്സെക്രട്ടറിയുമായിരുന്ന പി. സുന്ദരയ്യ എന്തുകൊണ്ട് ഞാന്‍ രാജിവയ്ക്കുന്നു എന്നറിയിച്ച് പി.ബിക്കും കേന്ദ്രകമ്മിറ്റിക്കുമെഴുതിയ കത്തില്‍ പറയുന്നുണ്ട്.
– സാമ്രാജ്യത്വ അജണ്ടയുള്ള പാരാ മിലിറ്ററി ഫാസിസ്റ്റ് സംഘമായ ജനസംഘത്തോടൊപ്പം സി.പി.എം കൂട്ടുകൂടിയതും ആര്.എസ്.എസിനോടും അവരുടെ ട്രേഡ് യൂണിയനായ ഭാരതീയ മസ്ദൂര്സംഘത്തോടും സ്വീകരിച്ച നയവും തെറ്റായിപ്പോയെന്നാണ് കത്തില്‍ പറയുന്നത്.
– ഇത്തരം ഫാസിസ്റ്റ് സംഘടനകളുമായുള്ള സഖ്യം സോഷ്യലിസ്റ്റ് സാമ്രാജ്യത്വവിരുദ്ധ ചേരികളില്‍ സി.പി.എം ഒറ്റപ്പെടാന്‍ കാരണമായെന്നും സുന്ദരയ്യ ഓര്‍മ്മപ്പെടുത്തുന്നു.
– സുന്ദരയ്യയുടെ കത്ത് ചര്‍ച്ച ചെയ്യാന്‍ പോലും പി.ബിയോ കേന്ദ്രകമ്മിറ്റിയോ അന്ന് തയാറായില്ല.
– ഫാസിസ്റ്റുകളെ കൂട്ടുപിടിച്ച് സേ്വച്ഛാധിപത്യശക്തിയെ എങ്ങനെ നേരിടാനാകുമെന്ന ചോദ്യത്തിന് ഉത്തരം നല്കാന് സി.പി.എമ്മിനായിട്ടില്ല.
– ഈ പറയുന്ന ജനസംഘം, സ്വതന്ത്ര പാര്‍ട്ടി, കേരള കോണ്‍ഗ്രസ് എന്നിവയുമായി കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പ് അടവുനയമെന്ന പേരില്‍ പരസ്യമായ സഖ്യം തന്നെയുണ്ടാക്കി സി.പി.എം സംസ്ഥാനഘടകങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയായിരുന്നില്ലേ.
– സുന്ദരയ്യയുടെ വിമര്‍ശനം ശരിയാണെന്ന് ചരിത്രം തെളിയിച്ചു.
– സഖ്യങ്ങളെക്കുറിച്ചോ അതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വഹിക്കേണ്ട പങ്കിനെക്കുറിച്ചോ ന്യായമായ ധാരണ സി.പി.എമ്മിനില്ല.
– അങ്ങനെയുള്ളവരാണ് സി.പി.ഐയെ അധികാരം കിട്ടുമ്പോഴെല്ലാം അധികാരത്തില്‍ കയറിപ്പറ്റുമെന്ന വിമര്‍ശനമുന്നയിക്കുന്നത്.
– സി.പി.ഐ ഭരണത്തിലുണ്ടായപ്പോഴൊക്കെ തൊഴിലാളിവര്‍ഗ്ഗത്തിനും ജനങ്ങള്‍ക്കും അനുകൂലമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്.
– ബംഗാളിലെ പോലെ കോര്‍പ്പറേറ്റ് സേവയ്ക്കായി പോലീസ് സേനയ്ക്കൊപ്പം ചേര്‍ന്ന് നന്ദിഗ്രാമില്‍ അണിനിരന്ന ആയിരക്കണക്കിനാളുകളെ ആക്രമിച്ച സംഭവം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തീരാക്കളങ്കം.
മാവോയിസ്റ്റുകളെ കൊന്നതിന് മുഖ്യമന്ത്രിയെ അധിക്ഷേപിക്കുമോ?
– കേരളത്തില്‍ മാവോയിസത്തിന്റെ പേരില്‍ ഒമ്പത് പേരെയാണ് വ്യാജ ഏറ്റുമുട്ടലിന്റെ പേരില്‍ കൊന്നത്.
– രാജന് സംഭവത്തിന്റെ പേരില്‍ അച്യുതമേനോനെ വിമര്‍ശിക്കുന്നവര്‍ക്ക് മാവോയിസ്റ്റുകളെ കൊന്നതിന്റെ പേരില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രിയെ അധിക്ഷേപിക്കാനാകുമോ?
– യു.എ.പി.എ എന്ന കിരാതനിയമത്തിനെതിരെ ധാരാളം അധരവ്യായാമം നടത്തിയ സി.പി.എം ഈ നിയമമുപയോഗിച്ച് ഇല്ലാത്ത കുറ്റം ചുമത്തിയാണ് അലന്, താഹമാരെ ജയിലിലടച്ചതെന്ന് കോടതി തന്നെ ചൂണ്ടിക്കാട്ടി.
സി.പി.ഐ തീരുമാനിച്ചത് കൊണ്ട് ഭരണം കിട്ടി
– 1978ല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് സി.പി.ഐ തീരുമാനമെടുത്തത് കൊണ്ടല്ലേ സി.പി.എമ്മിന് ഭരണത്തില്‍ കയറാന്‍ കഴിഞ്ഞത്. ഒരു ദശാബ്ദക്കാലം ഭരണത്തിന് പുറത്ത് നിന്നുപോയത് വല്ലപ്പോഴും ഓര്‍മ്മിക്കുന്നത് നല്ലതാണ്.
– 1980ല്‍ സി.പി.ഐ- സി.പി.എം അഖിലേന്ത്യാ കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ വിദേശമൂലധനം ബംഗാളില്‍ വമ്പിച്ച പ്രത്യാഘാതങ്ങള്‍ക്ക് വഴി വയ്ക്കുമെന്ന് സി.പി.ഐ ജനറല്‍സെക്രട്ടറി സി.രാജേശ്വരറാവു മുന്നറിയിപ്പ് നല്‍കിയിരുന്നു. സി.പി.എം മന:പൂര്‍വ്വം കോര്‍ഡിനേഷന്‍ കമ്മിറ്റി മരവിപ്പിച്ചപ്പോള്‍ രാജേശ്വരറാവു സി.പി.എം അഖിലേന്ത്യാ നേതൃത്വത്തിന് ഇക്കാര്യത്തില്‍ കത്ത് നല്കുകയുണ്ടായി. അത് മുഖവിലയ്ക്കെടുക്കാതെ പോയതിന്റെ പരിസമാപ്തിയാണ് നന്ദിഗ്രാം.
– 1964ല്‍ പാര്‍ട്ടി പിളര്‍ന്ന് സി.പി.എം രൂപീകരിക്കുമ്പോള്‍ അവര്‍ക്ക് ഏകീകൃതമായ യാതൊരു പ്രത്യയശാസ്ത്ര ധാരണയുമുണ്ടായിരുന്നില്ല.
പിളര്‍പ്പ് ദുരന്തം
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ് യഥാര്‍ത്ഥത്തില്‍ ഒരു ദുരന്തമായിരുന്നു. കേരളത്തില്‍ ഒരിടതുപക്ഷസര്ക്കാര് രൂപീകരിക്കാന്‍ സാദ്ധ്യതയുണ്ടായിരുന്നു. അത് ജനം ആഗ്രഹിച്ചിരുന്നു. 1965ലെതിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗുമായും കേരള കോണ്‍ഗ്രസുമായും ധാരണയെന്ന പേരില്‍ തെരഞ്ഞെടുപ്പ്സഖ്യമുണ്ടാക്കിയാണ് സി.പി.എം മത്സരിച്ചതും കൂടുതല്‍ സീറ്റ് നേടിയതും.
-അന്ന് ഇ.എം.എസിന്റെയും കൂട്ടരുടെയും മുഖ്യശത്രു ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു.
-യഥാര്‍ത്ഥത്തില്‍ പിളര്‍പ്പിന് ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറ ചുരുങ്ങുകയാണുണ്ടായത്. 1960ല്‍ വിമോചനസമരത്തെ തുടര്‍ന്നുണ്ടായ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കിട്ടിയത് 43.8 ശതമാനം വോട്ടാണ്. 1965ല്‍ ഭിന്നിച്ച ശേഷം രണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും കൂടി കിട്ടിയത് 27.98 ശതമാനം.
-1967ലെ മുന്നണിഭരണത്തിന് മുമ്പായി 65 സെപ്റ്റംബര്‍ 15ന് ഐക്യമുന്നണി കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗീകരിച്ച ആദ്യപരിപാടി 1964ല്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന ഭൂനിയമ ഭേദഗതി പരിഷ്കരിച്ച് കര്‍ഷകര്‍ക്കും കാര്‍ഷികമേഖലയ്ക്കും അനുകൂലമായ വിധത്തിലുള്ള ഭൂനിയമം കൊണ്ടുവരണമെന്നാണ്.
-ഒന്നരക്കൊല്ലമെടുത്തു ഭൂനിയമം കൊണ്ടുവരാന്‍. ആ നിയമം നടപ്പാക്കാന്‍ ഇ.എം.എസ് സര്‍ക്കാരിന് കഴിഞ്ഞില്ല. ഇത്രയുമധികം കാലവിളംബം എങ്ങനെയുണ്ടായി എന്നതിന് മറുപടി പറയാന്‍ ഇ.എം.എസിന് അന്ന് കഴിഞ്ഞിട്ടില്ല.
-എം.എന്‍ ആവിഷ്കരിച്ച ഭവനനിര്‍മാണ പദ്ധതിക്ക് പണമനുവദിക്കാന്‍ തയാറാകാത്ത സര്‍ക്കാര്‍ കള്ളുഷാപ്പ് കരാറുകാര്‍ക്ക് രണ്ടരക്കോടി നികുതിയിളവ് അനുവദിച്ചു.
– ഭൂപ്രഭുക്കന്മാരില് നിന്ന് മിച്ചം വരുന്ന നെല്ല് സംഭരിക്കാന്‍ തീരുമാനിച്ചിട്ടും നടപ്പായില്ല. പാലക്കാട് ധനിക കൃഷിക്കാരുടെയും മുരിക്കനെപ്പോലുള്ള ഭൂപ്രഭുക്കന്മാരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയതാണിതിന് കാരണമെന്ന് അന്നുതന്നെ ആരോപണമുയര്‍ന്നതാണ്.
– കോര്‍ഡിനേഷന്‍കമ്മിറ്റി മുമ്പാകെ അവതരിപ്പിച്ച് തീരുമാനമെടുത്തിട്ടും സി.പി.എമ്മും അവരുണ്ടാക്കിയ മുന്നണിക്കകത്തെ കുറുമുന്നണിയും അവര്‍ക്ക് തോന്നിയ പോലെ മുന്നോട്ട് പോയി.
– മുഖ്യമന്ത്രിയെന്ന നിലയില്‍ അന്യാദൃശമായ ഭരണവൈദഗ്ദ്ധ്യം പ്രകടിപ്പിച്ച അച്യുതമേനോന് തന്നെയാണ് ജനമനസ്സില്‍ കേരളം കണ്ട സമാദരണീയനായ മുഖ്യമന്ത്രി.
-അതുകൊണ്ടാണ് സി. അച്യുതമേനോനെയും 1970-77 ഭരണത്തെയും ചരിത്രത്തില്‍ നിന്ന് മായ്ക്കാന്‍ ബോധപൂര്‍വ്വം സി.പി.എം ഇപ്പോഴും ശ്രമിക്കുന്നത്.
– സി.പി.എം എന്ത് ചെയ്താലും അവര്‍ക്കതിനെല്ലാം ന്യായങ്ങളുണ്ടാകും. എന്ന് പറഞ്ഞാണ് ലേഖനം അവസാനിപ്പിക്കുന്നത്