സോളര്‍ തട്ടിപ്പു കേസിലെ പ്രതിയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കി

സോളര്‍ തട്ടിപ്പു കേസിലെ പ്രതിയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കി സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി അംഗീകരിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റിന്റെ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ തടസ്സഹര്‍ജി അവരുടെ വാദം കേട്ടശേഷം കോടതി തള്ളി.
ഉമ്മന്‍ ചാണ്ടി മരിച്ചതിനാല്‍ തുടര്‍നടപടിയെല്ലാം കോടതി അവസാനിപ്പിച്ചു. ഇതോടെ, ഉമ്മന്‍ ചാണ്ടിക്കും കോണ്‍ഗ്രസിനുമെതിരെ 9 വര്‍ഷം സിപിഎം ആയുധമാക്കിയ സോളര്‍ പീഡനക്കേസ് അപ്രസക്തമായി. കേരള പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും ഒടുവില്‍ സിബിഐയും അന്വേഷിച്ച കേസാണ് അവസാനിച്ചിരിക്കുന്നത്.
ഉമ്മന്‍ ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ക്കു തെളിവില്ലെന്നും പരാതി കളവാണെന്നും സിബിഐ നേരത്തേ കണ്ടെത്തിയിരുന്നു. ഇതേ കേസില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെയും അടൂര്‍ പ്രകാശ് എംപിയെയും കോടതി നേരത്തേ കുറ്റവിമുക്തരാക്കിയിരുന്നു. 2012 സെപ്റ്റംബര്‍ 19നു നാലിനു ക്ലിഫ് ഹൗസില്‍ വച്ച് ഉമ്മന്‍ ചാണ്ടി പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. ആ ദിവസം ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ലെന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
ഈ ഘട്ടത്തില്‍ പരാതിക്കാരി സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു പരാതി നല്കി. നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് 2021 ജനുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് കേസ് സിബിഐക്കു കൈമാറി. ഉമ്മന്‍ ചാണ്ടി, കെ.സി.വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്, എ.പി.അനില്‍കുമാര്‍, എ.പി.അബ്ദുല്ലക്കുട്ടി എന്നിവര്‍ക്കെതിരായാണ് അന്വേഷണം നടത്തിയത്. ആര്‍ക്കെതിരെയും തെളിവില്ലെന്നു സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.