പുതുപ്പള്ളിയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ആദ്യ മണിക്കൂറില്‍ 5.25 ശതമാനം പോളിംഗ്

കോട്ടയം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പുതുപ്പള്ളിയില്‍ പോളിംഗ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മണിക്കുതന്നെ വോട്ടെടുപ്പ് ആരംഭിച്ചു. മഴ ഭീഷണിയിലും കന്നി വോട്ടര്‍മാരും പ്രായമായവരും അടക്കം വോട്ട് ചെയ്യാനെത്തി. ആദ്യ മണിക്കൂര്‍ പൂര്‍ത്തിയാകുമ്പോള്‍ 5.25 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.
ഇടതുസ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് വോട്ട് രേഖപ്പെടുത്താന്‍ കണയംകുന്ന് യു പി സ്‌കൂളിലെത്തി. പിതാവിന്റെ കല്ലറയിലെത്തി പ്രാര്‍ത്ഥിച്ചതിനുശേഷമാണ് വോട്ട് രേഖപ്പെടുത്താന്‍ ജെയ്ക്ക് എത്തിയത്. വലിയ തിരക്കുള്ള ബൂത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ ജെയ്ക്ക് വരിയില്‍ നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. എട്ടു പഞ്ചായത്തുകളിലായി 182 ബൂത്തുകളുണ്ട്. മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളും, ആം ആദ്മി പ്രതിനിധിയും, മൂന്ന് സ്വതന്ത്രരുമുള്‍പ്പെടെ ഏഴ് പേരാണ് മത്സിക്കുന്നത്. സെപ്തംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തുന്നത്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് മണ്ഡലത്തില്‍ വോട്ടില്ല.