നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം: കോഴിക്കോട് മൂന്നാം നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരു ഡാറ്റയും സര്‍ക്കാര്‍ ശേഖരിക്കുന്നോ സൂക്ഷിക്കുന്നോയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നിലവിലെ പ്രോട്ടോക്കോളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വ്യാപക പരാതിയുണ്ട്. കൂടിയാലോചന നടത്തി പുതിയ പ്രോട്ടോക്കോള്‍ ഉണ്ടാക്കണം. നിപ കൈകാര്യം ചെയ്യാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കണം. കേന്ദ്ര ആരോഗ്യമന്ത്രി നിപ സ്ഥിരീകരിച്ചിട്ടും നമുക്ക് സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാല്‍ പ്രതിപക്ഷ നേതാവിനുള്ള മറുപടിയില്‍ ആരോഗ്യ മന്ത്രി അനാവശ്യ വിവാദങ്ങള്‍ക്കുള്ള സമയവും സ്ഥാനവുമല്ല ഇതെന്ന് ഓര്‍മ്മപ്പെടുത്തി. സര്‍ക്കാര്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. കേരളം ഒറ്റക്കെട്ടായി ഈ സ്ഥിതിയെ നേരിടുകയാണ് വേണ്ടത്. സംസ്ഥാനത്ത് രണ്ട് ലാബുകളില്‍ ഈ രോഗം സ്ഥിരീകരിക്കാന്‍ സാധിക്കും.
പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സ്ഥിരീകരണം സാങ്കേതിക നടപടിക്രമം മാത്രമാണ്. നിപ ആദ്യം സ്ഥിരീകരിച്ച 2018 ല്‍ ഉണ്ടാക്കിയ പ്രോട്ടോകോള്‍ 2021 ല്‍ പരിഷ്‌കരിച്ചുവെന്നും ഡോക്ടര്‍മാരുടെ സംഘമാണ് ഉണ്ടാക്കിയത്. നിലവില്‍ അതനുസരിച്ച് പോവുകയാണെന്നും മന്ത്രി വ്യക്തമാക്കി.
രണ്ടാമത്തെ മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന വിലയിരുത്തലിലാണ് നിപ പരിശോധിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി നേരത്തെ സഭയില്‍ അറിയിച്ചിരുന്നു. പിന്നീടാണ് പ്രതിപക്ഷം സബ്മിഷനായി വീണ്ടും വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചത്. ഐസൊലേഷനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പേവാര്‍ഡില്‍ 75 മുറികള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും പ്രോട്ടോക്കോള്‍ ഉണ്ടാക്കിയെന്നും കേന്ദ്ര സഹകരണം തേടിയെന്നും മന്ത്രി പറഞ്ഞു. ആന്റി ബോഡി ലഭ്യമാക്കുന്നതിന് ഐസിഎംആറുമായി ബന്ധപ്പെട്ടെന്നും ഇത് വിമാനമാര്‍ഗം എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.