സ്പീക്കര്‍ സ്ഥാനത്തേക്ക് വീണ ജോര്‍ജ് മന്ത്രിസഭ പുന:സംഘടനയ്ക്ക് ഒരുങ്ങി എല്‍ഡിഎഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിസഭ പുനസംഘടനയ്ക്ക് ഒരുങ്ങി എല്‍ഡിഎഫ്. അടുത്ത ആഴ്ച ഇതുമായി ബന്ധപ്പെട്ട നിര്‍ണായക യോഗങ്ങള്‍ നടക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് സൂചന. പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം സിപിഎം മന്ത്രിമാരുടെ വകുപ്പുകള്‍ മാറാനുള്ള സാദ്ധ്യതയുണ്ട്. കെബി ഗണേശ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലേക്ക് എത്തിയേക്കും.
നവംബറില്‍ പുനസംഘടന നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ ഒറ്റ എംഎല്‍എമാരുള്ള പാര്‍ട്ടികള്‍ക്ക് രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം നല്‍കാനായിരുന്നു ധാരണ. അതനുസരിച്ചാണ് ആദ്യ ടേമില്‍ ആന്റണിരാജുവും അഹമ്മദ് ദേവര്‍കോവിലും മന്ത്രിമാരായത്. ഇവര്‍ക്ക് പകരം ഗണേശ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാവും.
മന്ത്രിസഭ പുന:സംഘടനയ്ക്കൊപ്പം മറ്റ് ചില മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടാകും. എഎന്‍ ഷംസീര്‍ സ്പീക്കര്‍ സ്ഥാനം ഒഴിഞ്ഞേക്കും. വീണ ജോര്‍ജിനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാന്‍ തീരുമാനിച്ചാല്‍ സ്പീക്കര്‍ സ്ഥാനത്തേക്കായിരിക്കും പരിഗണിക്കുക. അങ്ങനെയെങ്കില്‍ ഷംസീര്‍ മന്ത്രിസഭയില്‍ എത്തും. ഷംസീറിന് ആരോഗ്യവകുപ്പ് നല്‍കിയേക്കുമെന്നാണ് സൂചന. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയുള്ള മുഖംമിനുക്കല്‍ നടപടി കൂടിയാണ് മന്ത്രിസഭ പുന:സംഘടന