കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡിക്ക് മുന്നില്‍ ഹാജരാകില്ലന്ന് എ.സി മൊയ്തീന്‍

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡിക്ക് മുന്നില്‍ എ.സി മൊയ്തീന്‍ ഇന്ന് ഹാജരാകില്ല. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ മൊയ്തീനെ ഇ.ഡി അറസ്റ്റു ചെയ്യുമെന്ന അഭ്യൂഹം ശക്തമാകവെയാണ് ഹാജരാകാന്‍ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചത്. നിയമസഭാ സാമാജികര്‍ക്കുള്ള ഓറിയന്റേഷന്‍ ക്ലാസ്സില്‍ പങ്കെടുക്കേണ്ടതിനാല്‍ ഇന്നും നാളെയും ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് ഇമെയിലിലൂടെയാണ് എ.സി മൊയ്തീന്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചത്. മൊയ്തീന്‍ ഇന്ന് രാവിലെ തലസ്ഥാനത്തെത്തി.
തട്ടിപ്പില്‍ മൊയ്തീനെ ബന്ധിപ്പിക്കുന്ന വിവരങ്ങളും മൊഴികളും ഇ.ഡിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. അറസ്റ്റിലായ പി. സതീഷ്‌കുമാറുമായി മൊയ്തീനു ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന രേഖകളും ലഭിച്ചെന്നാണ് സൂചന. സതീഷ്‌കുമാറിന്റെ സാമ്പത്തികയിടപാടുകളില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച എ.കെ. ജിജോര്‍ ഇ.ഡിക്ക് നല്‍കിയ മൊഴികളും ബാങ്ക് വായ്പകള്‍ അനുവദിച്ചതില്‍ മൊയ്തീന്റെ ബന്ധം ആരോപിക്കുന്നതാണ്. മൊയ്തീന്റെ ബിനാമിയായി സതീഷ്‌കുമാര്‍ പ്രവര്‍ത്തിച്ചെന്ന ആരോപണവും ഇ.ഡി പരിശോധിച്ചു. കഴിഞ്ഞ 11ന് ഒമ്പത് മണിക്കൂറോളം മൊയ്തീനെ ചോദ്യം ചെയ്തിരുന്നു. ഇ.ഡി ആവശ്യപ്പെട്ട രേഖകള്‍ മുഴുവനും അദ്ദേഹം ഹാജരാക്കിയിരുന്നില്ല.
ഇന്ന് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.അതേസമയം, മറ്റൊരു സംസ്ഥാന കമ്മിറ്റി അംഗമായ എം.കെ. കണ്ണന്‍ പ്രസിഡന്റായ തൃശൂര്‍ സഹകരണ ബാങ്ക് ഉള്‍പ്പെടെ ഒമ്പത് ഇടത്ത് ഇന്നലെ റെയ്ഡ് നടത്തി. കരുവന്നൂര്‍ ബാങ്കില്‍ മാത്രം 500 കോടി രൂപയ്ക്ക് മുകളില്‍ തട്ടിപ്പ് നടന്നതിന്റെ വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജുവിനെയും ഇ.ഡി വിളിപ്പിച്ചേക്കും. സി.പി.എം ഭരിക്കുന്ന അയ്യന്തോള്‍ സഹകരണ ബാങ്കിലും ഇന്നലെ റെയ്ഡ് നടന്നു. പണംവെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ വെളപ്പായ സതീശന്‍, പി.പി. കിരണ്‍ എന്നിവരുടെ ഇടപാടുകളുടെ വിവരമാണ് റെയ്ഡില്‍ ഇ.ഡി ശേഖരിച്ചത്.