വീണയ്‌ക്കെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രി ഇതുവരെ വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്ന് കെ.സുധാകരന്‍ പറഞ്ഞു

തിരുവനന്തപുരം: സിഎംആര്‍എല്ലില്‍ നിന്നും മാസപ്പടി കൈപ്പറ്റിയ പട്ടികയിലെ പി.വി. എന്ന ചുരുക്കപ്പേര് തന്റെതല്ലെന്ന നട്ടാല്‍കുരുക്കാത്ത നുണ പറഞ്ഞ് മുഖ്യമന്ത്രി സ്വയം അപഹാസ്യനായെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സിഎംആര്‍എല്ലിലെ ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴിയില്‍ കൃത്യമായി പിണറായി വിജയന്‍ എന്ന് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. വീണയ്‌ക്കെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രി ഇതുവരെ വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സ്റ്റാറ്റിയൂട്ടറി ബോഡിയായ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടിലാണ് സിഎംആര്‍എല്ലുമായി മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കെന്ന സ്ഥാപനം നടത്തിയ സാമ്പത്തിക ഇടപാടുകള്‍ നിയമവിരുദ്ധമാണെന്ന് പറയുന്നത്. അതിനെ രാഷ്ട്രീയ പ്രേരിതമായി ചിത്രീകരിക്കാനുള്ള പിണറായി വിജയന്റെ തൊലിക്കട്ടി അപാരമാണ്. മുഖ്യമന്ത്രിയെ തേജോവധം ചെയ്യാനുദ്ദേശിച്ചുള്ള ഒരു റിപ്പോര്‍ട്ടായിരുന്നെങ്കില്‍ അതിനെതിരെ ഇത്രനാളായിട്ടും എക്‌സാലോജിക്കോ, മുഖ്യമന്ത്രിയോ എന്തുകൊണ്ട് നിയമനടപടി സ്വീകരിച്ചില്ല. മുഖ്യമന്ത്രി വായ് തുറക്കുന്നത് പച്ചക്കള്ളം പറയാനും ആരെയെങ്കിലും അധിക്ഷേപിക്കാനും ആക്രോശിച്ച് ഭീഷണിപ്പെടുത്താനും മാത്രമാണ്.

മുഖ്യമന്ത്രി ഹരിശ്ചന്ദ്രനൊന്നുമല്ലെന്ന് മുന്‍ ദേശാഭിമാനി എഡിറ്ററുടെ കൈതോലപ്പായയില്‍ പൊതിഞ്ഞ ലക്ഷങ്ങള്‍ എന്ന വെളിപ്പെടുത്തലിലൂടെ കേരള സമൂഹത്തിന് ബോധ്യപ്പെട്ടതാണ്. സിഎംആര്‍എല്‍ എന്ന കമ്പനിക്ക് എക്‌സാലോജിക്ക് എന്തുസേവനമാണ് നല്‍കിയതെന്ന് ഇതുവരെ വ്യക്തമല്ല. സിഎംആര്‍എല്‍ അവര്‍ക്ക് ലഭിക്കാത്ത സേവനത്തിന് ഇത്രവലിയൊരു തുക സ്ഥിരമായി മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനത്തിലേക്ക് കൈമാറ്റം ചെയ്യണമെങ്കില്‍ അതെല്ലാം രാഷ്ട്രീയ താല്‍പര്യത്തോടെയുള്ള ഇടപാടാണ്. ഇതിന് പിന്നില്‍ അഴിമതിയുണ്ട്. അത് ഗണിക്കാന്‍ സമാന്യ ബുദ്ധി മതിയെന്നും അത് കേരള ജനതയ്ക്കുണ്ടെന്നും മുഖ്യമന്ത്രി മറക്കരുത്. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ മുങ്ങിയ മുഖ്യമന്ത്രി ഏഴുമാസത്തെ ഇടവേളക്ക് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ അവരുടെ ചോദ്യത്തിന് മറുപടി ഇല്ലാത്തതിനാലാണ് വിടുവായത്തം പറഞ്ഞ് തടിതപ്പിയതെന്നും സുധാകരന്‍ പരിഹസിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *