ഏഴു വര്‍ഷത്തെ പിണറായി ഭരണം മുടിപ്പിക്കാത്ത ഒരു മേഖലയും സംസ്ഥാനത്തില്ല: ധൂര്‍ത്തിനെതിരെ സുധാകരന്‍

തിരുവനന്തപുരം സംസ്ഥാന സര്‍ക്കാര്‍ 80 ലക്ഷം രൂപ വാടകയ്ക്ക് ഹെലികോപ്റ്റര്‍ എടുത്തതിനെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഡല്‍ഹി കേരള ഹൗസിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പാല്‍ പോലും വാങ്ങാന്‍ കഴിയാത്തത്ര ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടു സംസ്ഥാനം ഉഴറുമ്പോഴാണ് മുഖ്യമന്ത്രിയുടെ ധൂര്‍ത്തെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി.
ഏഴുവര്‍ഷത്തെ പിണറായി ഭരണം മുടിപ്പിക്കാത്ത ഒരു മേഖലയും സംസ്ഥാനത്തില്ല. പുതുപ്പള്ളിയില്‍ ജനങ്ങള്‍ തിരിച്ചടി നല്‍കിയിട്ടും പിണറായി സര്‍ക്കാര്‍ തെറ്റില്‍നിന്നു തെറ്റിലേക്കു കൂപ്പുകുത്തുകയാണെന്നു സുധാകരന്‍ വിമര്‍ശിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നു ബില്ലുകള്‍ മാറാന്‍ വൈകിയതോടെ ഡല്‍ഹി കേരള ഹൗസില്‍ ജീവനക്കാര്‍ പോക്കറ്റില്‍നിന്നു 20,000 രൂപ മുടക്കിയാണ് ഈ ദിവസങ്ങളില്‍ പാല്‍ വാങ്ങിയത്. പിന്നീട് അതും നിര്‍ത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കിടപ്പുരോഗികള്‍ക്കു കൊടുത്ത പാലിന്റെ കുടിശിക 1.19 കോടി ആയതിനെ തുടര്‍ന്നു മില്‍മ പാല്‍ വിതരണം നിര്‍ത്തി. ബ്രെഡ് വിതരണവും നിലച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു മൂന്നു മാസം വരെ സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നു മരുന്നു സൗജന്യമായി നല്‍കിയിരുന്നു. ഇപ്പോള്‍ 10 ദിവസത്തേക്കാണു ഡോക്ടര്‍മാര്‍ കുറിപ്പു നല്‍കുന്നത്. എന്നാല്‍ രോഗികള്‍ക്കു രണ്ടോ മൂന്നോ ദിവസത്തെ മരുന്നാണു ലഭിക്കുന്നത്’ സുധാകരന്‍ പറഞ്ഞു.