സംസ്ഥാന സര്‍ക്കാരിനെ മുന്നില്‍ നിര്‍ത്തി ലോക്‌സഭാ തിരഞ്ഞെടുപ്പിന് സിപിഎം തയാറെടുക്കുന്നു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ മുന്നില്‍ നിര്‍ത്തി ലോക്‌സഭാ തിരഞ്ഞെടുപ്പിന് സിപിഎം തയാറെടുക്കുന്നു. ആ പ്രചാരണത്തില്‍ തങ്ങളെയും കൂട്ടുപിടിച്ചതില്‍ ചതിക്കുഴി ഉണ്ടെന്ന നിഗമനത്തിലാണ് യുഡിഎഫിന്റെ പിന്മാറ്റം. നിയമസഭാ മണ്ഡലങ്ങളിലെ ജനസദസ്സുകളോടു പ്രതിപക്ഷം മുഖം തിരിച്ചേക്കാമെന്ന വിലയിരുത്തല്‍ സിപിഎമ്മിന് ഉണ്ടായിരുന്നു. എന്നാല്‍ ‘കേരളീയ’ത്തില്‍ നിന്നുകൂടി അവര്‍ പിന്മാറുമെന്നു വിചാരിച്ചതല്ല.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമാണ് സിപിഎം. അതിനാല്‍ ഇത്തവണ പതിവു കോണ്‍ഗ്രസ് വിരുദ്ധത കൊണ്ട് കേരളത്തില്‍ വോട്ടു നേടുക സിപിഎമ്മിന് എളുപ്പമല്ല. ബിജെപിക്കെതിരെ കോണ്‍ഗ്രസോ സിപിഎമ്മോ എന്ന ചോദ്യത്തില്‍ കേരളത്തിലെ ന്യൂനപക്ഷം കോണ്‍ഗ്രസിനു പിന്നില്‍ അണിനിരക്കുന്നതാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ അടിതെറ്റിച്ചത്.

ഈ പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തി വോട്ടു നേടാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. കേരളത്തിലെ ഇടതുസര്‍ക്കാരിന്റെ നേട്ടം രാജ്യവ്യാപകമായി പ്രചരിപ്പിക്കാനാണ് 2022 ഏപ്രിലില്‍ കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനിച്ചത്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവും അതിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രദര്‍ശനവും ഇതേ ഘട്ടത്തില്‍ കണ്ണൂരില്‍ നടത്തിയിരുന്നു.

ഇത് വിശാലമായ ക്യാന്‍വാസിലേക്കു പകര്‍ത്തിയാണ് തലസ്ഥാനം കേന്ദ്രീകരിച്ച് ‘കേരളീയം’ സംഘടിപ്പിക്കുന്നത്. കേരളം ഇന്നോളം കൈവരിച്ച നേട്ടങ്ങളുടെ പിന്നില്‍ ഇടതുപക്ഷത്തിനും ഇടതുസര്‍ക്കാരുകള്‍ക്കും ഉള്ള പങ്കാണ് ഇതിലൂടെ വിളിച്ചോതാന്‍ ശ്രമിക്കുന്നത്. രാജ്യാന്തര പ്രശസ്തരായ ഇടതു ചിന്തകര്‍ പങ്കെടുക്കും. ദേശീയ തലത്തില്‍ കേരളത്തെ ഒരു ബ്രാന്‍ഡായി അവതരിപ്പിക്കാന്‍ കൂടിയാണ് പേരു തന്നെ ‘കേരളീയം’ ആക്കിയത്.

സര്‍ക്കാരും പാര്‍ട്ടിയും കൂടുതല്‍ ജനകീയമാകണമെന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പു ഫലം നല്‍കിയ തിരിച്ചറിവു കൂടിയാണ് നിയമസഭാ മണ്ഡലങ്ങളില്‍ ജനസദസ്സുകള്‍ സംഘടിപ്പിക്കാനുള്ള പ്രേരണ. ജനങ്ങളിലേക്ക് മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ എത്തുന്ന രീതിയിലാണ് ഇതു വിഭാവനം ചെയ്തിരിക്കുന്നത്. 140 മണ്ഡലങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന തരത്തില്‍ ആസൂത്രണം ചെയ്യും.

സംഘാടനം എല്‍ഡിഎഫ് ആണെന്ന് ബൂത്തുതലം മുതല്‍ സംഘാടകസമിതി രൂപീകരിക്കാനുള്ള ഇടതുമുന്നണി യോഗതീരുമാനം വ്യക്തമാക്കി. ഫലത്തില്‍, പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കേരളപ്പിറവി ദിനം മുതല്‍ രണ്ടു മാസത്തോളം നീളുന്ന പ്രചാരണ മാമാങ്കത്തിന് സിപിഎമ്മും ഇടതുമുന്നണിയും ഒരുങ്ങുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *