ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥയില്‍ : രമേശിനെ പ്രതിപക്ഷ നേതാവാക്കാന്‍ ആഗ്രഹിച്ചു, സതീശനെ മന്ത്രിയാക്കാനും

തിരുവനന്തപുരം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടപ്പോള്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കു തന്റെ മനസ്സിലുണ്ടായിരുന്നതു രമേശ് ചെന്നിത്തലയായിരുന്നുവെന്നു വെളിപ്പെടുത്തി ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥ. എന്നാല്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി.ടി.തോമസിനും ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ടായിരുന്നു. ഹൈക്കമാന്‍ഡിന് ആരുടെയും കാര്യത്തില്‍ പ്രത്യേക താല്പര്യമില്ലെന്നു കെ.സി.വേണുഗോപാലും മല്ലികാര്‍ജുന്‍ ഖര്‍ഗെയും അറിയിച്ചതിനുശേഷമാണു രമേശിനൊപ്പം നില്ക്കാന് താനും കൂടെയുള്ളവരും തീരുമാനിച്ചത്. ഇന്ദിരാഭവനില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുമായി ഖര്‍ഗെ നടത്തിയ കൂടിക്കാഴ്ചയില്‍ ഭൂരിപക്ഷം പേരും പിന്തുണച്ചതു രമേശിനെയായിരുന്നു. എന്നാല്‍, ഹൈക്കമാന്‍ഡിന്റെ മനോഗതം വേറെയായിരുന്നുവെന്നും അതനുസരിച്ചു വി.ഡി.സതീശനു നറുക്കുവീണെന്നും ആത്മകഥയില്‍ പറയുന്നു.
രമേശിനെ പിന്തുണയ്ക്കുന്നതിനു പകരം തന്റെ നോമിനിയായി കെ.സി.ജോസഫിനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കു രമേശ് പിന്തുണയ്ക്കുമെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകളെല്ലാം വസ്തുതാവിരുദ്ധമായിരുന്നു. തന്റെ നേതൃത്വത്തിലുള്ള രണ്ടാം സര്‍ക്കാരില്‍ വി.ഡി.സതീശനെ മന്ത്രിയാക്കാന്‍ ആഗ്രഹിച്ചുവെന്നും സി.എന്‍.ബാലകൃഷ്ണനുവേണ്ടി രമേശ് ചെന്നിത്തല ഇടപെട്ടതിനാല്‍ അവസാന നിമിഷം സതീശന്റെ മന്ത്രിസ്ഥാനം തട്ടിപ്പോയെന്നുമുള്ള വെളിപ്പെടുത്തലും ആത്മകഥയിലുണ്ട്.
ലോട്ടറി വിഷയത്തില്‍ ഡോ.തോമസ് ഐസക്കുമായി സംവാദം നടത്തി തിളങ്ങിനിന്ന സതീശനെ മന്ത്രിസഭയിലെടുക്കാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. പക്ഷേ, രമേശ് ചെന്നിത്തല സി.എന്‍.ബാലകൃഷ്ണനെ ഒഴിവാക്കാന്‍ വയ്യെന്ന നിലപാടെടുത്തു. സി.എന്‍.ബാലകൃഷ്ണനെതിരെ എന്തോ ഒരു കേസുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍, എങ്കില്‍ സതീശനാകട്ടെ എന്നു രമേശ് സമ്മതം മൂളി. അന്തിമ പട്ടിക തയാറാക്കി ഹൈക്കമാന്‍ഡിനെ കാണാന്‍ ഡല്‍ഹിയില്‍ പി.ജെ.കുര്യന്റെ വീട്ടില്‍ ഇരുന്നു. ബാലകൃഷ്ണനുവേണ്ടി വീണ്ടും സമ്മര്‍ദമുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട്, അവിടെയുള്ള കാര്യം ആരെയും അറിയിക്കരുതെന്നു പി.ജെ.കുര്യനെ ചട്ടം കെട്ടി.
എന്നാല്‍, കുറെക്കഴിഞ്ഞപ്പോള്‍ രമേശിന്റെ ഫോണ്‍ വന്നു. ബാലകൃഷ്ണന്റെ പേരിലുള്ള കേസ് അത്ര സാരമുള്ളതല്ലെന്നും അദ്ദേഹം തന്നെ മന്ത്രിയാകട്ടെയെന്നും രമേശ് പറഞ്ഞു. ബാലകൃഷ്ണന് മന്ത്രിയാകുന്നതില്‍ എതിര്‍പ്പുണ്ടായിട്ടല്ല, സതീശനെ മന്ത്രിയാക്കാന്‍ ആഗ്രഹിച്ചതുകൊണ്ടാണു സതീശനു വേണ്ടി ശ്രമിച്ചത്. എന്നാല്‍, ആസൂത്രണമാകെ തെറ്റി. ‘എന്തു പണിയാ കാണിച്ചത്’ എന്നു പി.ജെ.കുര്യനോടു പരിഭവിച്ചു. ‘എന്റെ പ്രസിഡന്റ് ചോദിച്ചാല്‍ പിന്നെ പറയാതിരിക്കാന്‍ പറ്റുമോ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ജി.കാര്‍ത്തികേയന്റെ പേര് അവരുടെ പക്ഷത്തുനിന്നു നിര്ദേശിക്കാത്തതുകൊണ്ടാണു മന്ത്രിസഭയില്‍ ഉള്‍പ്പെടാതിരുന്നത്. കെ.സുധാകരനെ കെപിസിസി പ്രസിഡന്റായി നിശ്ചയിച്ചതു തന്റെ അഭിപ്രായം ആരാഞ്ഞായിരുന്നില്ലെന്നും ‘കാലം സാക്ഷി’ എന്ന പേരില്‍ മാധ്യമപ്രവര്ത്തകന് സണ്ണിക്കുട്ടി ഏബ്രഹാം തയാറാക്കിയ ആത്മകഥയില്‍ പറയുന്നു.