കൊല്ലത്ത് സൈനികനെ ആക്രമിച്ച് മുതുകില്‍ പിഎഫ്‌ഐ എന്നെഴുതിയ സംഭവത്തില്‍ പ്രതികരണവുമായി അനില്‍ ആന്റണി

തിരുവനന്തപുരം: കൊല്ലത്ത് സൈനികനെ ആക്രമിച്ച് മുതുകില്‍ പിഎഫ്‌ഐ എന്നെഴുതിയ സംഭവത്തില്‍ പ്രതികരണവുമായി ബിജെപി ദേശീയ വക്താവ് അനില്‍ ആന്റണി. രാജ്യത്തെ സേവിക്കുന്ന ജവാനെ ആക്രമിച്ച് മുതുകില്‍ പിഎഫ്‌ഐ എന്നെഴുതിയിട്ടും സിപിഎമ്മിന്റെയോ കോണ്‍ഗ്രസിന്റെയോ ഒരു നേതാവ് പോലും സംഭവത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും സങ്കടകരമായ അവസ്ഥയാണെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ചില ജനവിഭാഗങ്ങളെ പ്രീണിപ്പിക്കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണത്തിന്‍ കീഴിലുള്ള കേരളം, ഇന്ത്യ മുഴുവനുമായ ക്രമസമാധാന പ്രശ്നമായി മാറിയിരിക്കുകയാണെന്നും അനില്‍ ആന്റണി പറഞ്ഞു. തീവ്ര ഇസ്ലാമിക ആശയങ്ങളുള്ള ആളുകള്‍ സംസ്ഥാനത്ത് സുരക്ഷിതരാണ്. അതേസമയം കുട്ടികളും സ്ത്രീകളും സുരക്ഷിതരല്ലെന്നും അനില്‍ ആന്റണി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കൊല്ലം കടയ്ക്കലില്‍ ദുരൂഹ സാഹചര്യത്തില്‍ സൈനികനെ മര്‍ദ്ദിച്ച ശേഷം നിരോധിത സംഘടനയായ പി.എഫ്.ഐയുടെ പേര് ശരീരത്തില്‍ ചാപ്പക്കുത്തിയതില്‍ കേസെടുത്ത് പൊലീസ്. കടയ്ക്കല്‍ സ്വദേശി ഷൈന്‍ കുമാറിന്റെ പരാതിയിലാണ് ആറു പേര്‍ക്കെതിരെ കേസെടുത്തത്.

സംഭവത്തില്‍ സൈന്യവും അന്വേഷണം തുടങ്ങി. ഇന്നലെ രാത്രി 11 മണിക്ക് ആക്രമണമുണ്ടായെന്നാണ് ഷൈന്‍ കുമാറിന്റെ പരാതി. ഓണാഘോഷത്തില്‍ പങ്കെടുത്ത് സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങും വഴിയായിരുന്നു ആക്രമണം. മുക്കട ചാണപ്പാറ റോഡിന് സമീപം റബ്ബര്‍ തോട്ടത്തില്‍ എത്തിയപ്പോള്‍ സുഹൃത്ത് മദ്യപിച്ച് അബോധാവസ്ഥയില്‍ കിടക്കുന്നു എന്ന് പറഞ്ഞ് രണ്ടുപ്പേര്‍ തടഞ്ഞു നിര്‍ത്തി.

നോക്കാന്‍ പോയപ്പോള്‍ ഇതില്‍ ഒരാള്‍ പിന്നില്‍ നിന്ന് ചവിട്ടി വീഴ്ത്തി. കൈകളും വായയും പായ്ക്കിംഗ് ടേപ്പ് ഉപയോഗിച്ച് ബന്ധിച്ച് ടീ ഷര്‍ട്ട് കീറി. മുതുകില്‍ പിഎഫ്‌ഐയുടെ പേര് പച്ച പെയിന്റുപയോഗിച്ച് എഴുതിയെന്നുമാണ് പരാതി. ആറംഗസംഘം ആക്രമണത്തിന് ശേഷം കടന്നു കളഞ്ഞു. എന്തിനാണ് ആക്രമിച്ചതെന്നോ ആരാണ് ആക്രമിച്ചതെന്നോ വ്യക്തമല്ലെന്നാണ് ഷൈനിന്റെ മൊഴി. തടഞ്ഞ് നിര്‍ത്തി സംഘം ചേര്‍ന്നുള്ള മര്‍ദ്ദനം. സമൂഹത്തില്‍ കലാപം ഉണ്ടാക്കാനുള്ള ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

 

Leave a Reply

Your email address will not be published. Required fields are marked *