കത്തില്‍ കൃത്രിമം നടത്തിയ കേസ്: ഗണേഷ്‌കുമാര്‍ 18ന് ഹാജരാകണം

കൊട്ടാരക്കര : സോളര്‍ കമ്മിഷന് മുന്നില്‍ പരാതിക്കാരി ഹാജരാക്കിയ കത്തില്‍ കൃത്രിമം നടത്തിയെന്ന കേസില്‍ രണ്ടാം പ്രതി കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എ ഒക്ടോബര്‍ 18 ന് നേരിട്ടു ഹാജരാകാന്‍ കോടതി ഉത്തരവ്. അന്നു ഹാജരാകാന്‍ ഒന്നാം പ്രതിയായ സോളര്‍ പീഡനക്കേസിലെ പരാതിക്കാരിക്കു സമന്‍സ് അയയ്ക്കാനും കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് സി.ബി. രാജേഷ് ഉത്തരവിട്ടു. കേസ് ഇന്നലെ പരിഗണിച്ചപ്പോള്‍ ഇരുവരും ഹാജരായിരുന്നില്ല. പരാതിക്കാരി പത്തനംതിട്ട ജില്ലാ ജയിലില്‍ കഴിയവേ എഴുതിയ 21 പേജുള്ള കത്തില്‍ പിന്നീട് 4 പേജുകള്‍ കൂട്ടിച്ചേര്‍ത്താണു ജുഡീഷ്യല്‍ കമ്മിഷനു നല്‍കിയതെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചാണു അഡ്വ. ജോളി അലക്‌സ് മുഖേന കോണ്‍ഗ്രസ് നേതാവ് കൂടിയായ അഡ്വ. സുധീര്‍ ജേക്കബ് ഹര്‍ജി നല്‍കിയത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അടക്കം പ്രമുഖരെ പ്രതികളാക്കി അവരുടെ രാഷ്ട്രീയ ഭാവി തകര്‍ക്കാന്‍ ഗണേഷ്‌കുമാറിന്റെ അറിവോടെ സഹായി പ്രദീപ്കുമാറും ഗണേഷിന്റെ ബന്ധു കൂടിയായ ശരണ്യ മനോജും ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ഗണേഷ്‌കുമാറിനു വേണ്ടി അഭിഭാഷകന്‍ ഹാജരായി അവധിക്ക് അപേക്ഷ നല്‍കി. ഗണേഷ്‌കുമാറിന്റെ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ ഹൈക്കോടതിയുടെ സ്റ്റേയുടെ കാലാവധി കഴിഞ്ഞെന്നും കേസ് പരിഗണിക്കണമെന്നും അഡ്വ. ജോളി അലക്‌സ് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കേസ് 18 ലേക്കു മാറ്റിയത്. സോളര്‍ ഗൂഢാലോചനക്കേസില്‍ തുടര്‍ നടപടി വേഗത്തിലാക്കാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നു ഹര്‍ജിക്കാരന്‍ അഡ്വ. സുധീര്‍ ജേക്കബ് പറഞ്ഞു