മുഖ്യമന്ത്രിയും കുടുംബവും അഴിമതിയുടെ ചെളിക്കുണ്ടില്‍ : മാത്യു കുഴല്‍നാടന്‍

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും അഴിമതിയുടെ ചെളിക്കുണ്ടിലായതോടെ, മറ്റു മന്ത്രിമാര്‍ അതിനെ അഴിമതി നടത്താനുള്ള അവസരമായി കാണുന്നുവെന്ന വിമര്‍ശനവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മന്ത്രിമാര്‍ അഴിമതി നടത്തിയാല്‍ ചോദ്യം ചെയ്യേണ്ട മുഖ്യമന്ത്രിക്ക് അതിനുള്ള ത്രാണിയോ ധാര്‍മികതയോ ഇല്ല. ഇടയ്ക്ക് മുക്കുകയും മുരളുകയും ചെയ്യുന്ന സിപിഐയ്ക്ക് എന്തു സംഭവിച്ചുവെന്ന് മനസിലാകുന്നില്ല. ചില സിപിഐ നേതാക്കളും കുടുംബവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈവച്ച് സിപിഎം അവരെ വരുതിക്കു നിര്‍ത്തിയിരിക്കുകയാണെന്ന് പിന്നാമ്പുറ കഥകളുണ്ടെന്നും കുഴല്‍നാടന്‍ പറഞ്ഞു.

മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബവും അഴിമതിയുടെ വലിയ ചെളിക്കുണ്ടില്‍ വീഴുകയും ആ വിവരം പുറത്തുവരികയും ചെയ്തതോടെ, മന്ത്രിമാര്‍ അതൊരു അവസരമായി കാണുകയാണ്. സാധാരണ ഗതിയില്‍ മന്ത്രിമാര്‍ അഴിമതി നടത്തിയാല്‍ ചോദിക്കേണ്ടത് മുഖ്യമന്ത്രിയാണ്. പക്ഷേ, മുഖ്യമന്ത്രിക്ക് അഴിമതിയേക്കുറിച്ച് മിണ്ടാനുള്ള ധാര്‍മികത നഷ്ടമായതോടെ സംസ്ഥാനത്ത് എല്ലാ വകുപ്പുകളിലും അഴിമതി അര്‍ബുദം പോലെ പടര്‍ന്നു പിടിച്ചിരിക്കുകയാണ്. ഇതിനെ ചോദ്യം ചെയ്യാനുള്ള ത്രാണിയും ധാര്‍മികതയും മുഖ്യമന്ത്രിക്കില്ലാതായി. സിപിഎം എന്ന പാര്‍ട്ടിയാകട്ടെ, അഴിമതിക്കു സംരക്ഷണം കൊടുക്കുന്ന നിലയിലേക്കും മാറി.

ഇടക്കാലത്ത് ഇതിനെയെല്ലാം എതിര്‍ത്തിരുന്ന സിപിഐയും ഇപ്പോള്‍ മിണ്ടാത്ത അവസ്ഥയിലാണ്. എന്തുകൊണ്ടോ, സിപിഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്കും അഴിമതി ചോദ്യം ചെയ്യാനാകാത്ത അവസ്ഥയിലേക്ക് ഇടതുമുന്നണി പൂര്‍ണമായും അധഃപതിച്ചിരിക്കുന്നു. ഒരു തിരുത്തല്‍ ശക്തിയെന്നു പറയാനാകില്ലെങ്കിലും, ചില കാര്യങ്ങളിലെങ്കിലും ഇടയ്ക്ക് മുക്കുകയും മുരളുകയും ചെയ്തിരുന്ന സിപിഐയ്ക്ക് എന്തു സംഭവിച്ചുവെന്ന് അറിയില്ല.

‘സിപിഐയുടെ നേതാക്കളും കുടുംബവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സിപിഎം കൈവശം വച്ച് അവരെ വരുതിയില്‍ നിര്‍ത്തിയിരിക്കുന്നു എന്നാണ് കേള്‍ക്കുന്ന ചില പിന്നാമ്പുറ കഥകള്‍. അത് ശരിയാണോയെന്നു പറയേണ്ടത് സിപിഐ നേതാക്കളാണ്. അല്ലെങ്കില്‍ എന്തുകൊണ്ട് സിപിഐ പോലും ഇപ്പോള്‍ മിണ്ടുന്നില്ലെന്ന് സാധാരണക്കാരായ കമ്യൂണിസ്റ്റുകാര്‍ ചോദിക്കുന്നുണ്ട്. കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി.

 

Leave a Reply

Your email address will not be published. Required fields are marked *