ഉമ്മന്‍ചാണ്ടി ,പിണറായി താരതമ്യവും തിരിച്ചടിയായെന്ന് സിപിഐ

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ പോരായ്മകളും ‘ഉമ്മന്‍ചാണ്ടി പിണറായി’ താരമതമ്യവും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ വന്‍തിരിച്ചടിക്കു കാരണമായതായി സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം. പാര്‍ട്ടി കോട്ടയം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍ സംസ്ഥാന സെന്റര്‍ റിപ്പോര്‍ട്ടില്‍ ഒഴിവാക്കിയതും വിമര്‍ശന വിധേയമായി. പരാജയം ഇത്ര കനത്തത് സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ വികാരം കൂടി പ്രതിഫലിച്ചതു കൊണ്ടാണെന്നു ജില്ലാ കമ്മിറ്റി വിലയിരുത്തി. 5000 വോട്ടിന്റെ ഭൂരിപക്ഷമേ ചാണ്ടി ഉമ്മന്‍ നേടൂ എന്നായിരുന്നു പാര്‍ട്ടിയുടെ കണക്ക്. മുഖ്യമന്ത്രിയായിരിക്കെ ഒരു എസ്‌കോര്‍ട്ടും ഇല്ലാതെ ഉമ്മന്‍ചാണ്ടി സഞ്ചരിച്ച മണ്ഡലത്തില്‍ വന്‍സുരക്ഷയോടെ പിണറായി വിജയന്‍ എട്ടു യോഗങ്ങളില്‍ പങ്കെടുക്കാനെത്തിയതു ജനങ്ങള്‍ക്കു താരതമ്യത്തിന് അവസരം നല്‍കി.
സര്‍ക്കാരിന്റെ പല നിലപാടുകളും നയങ്ങളും ജനത്തെ എതിരാക്കി. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രഖ്യാപിച്ചത് അബദ്ധമായെന്നു സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതിന്റെ ബാധ്യത സിപിഐ ഏറ്റെടുക്കേണ്ടതില്ലെന്നും അഭിപ്രായം ഉയര്‍ന്നു. കരുവന്നൂര്‍ തട്ടിപ്പ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സിപിഐ മത്സരിക്കുന്ന തൃശൂരിലെ സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്ന വിമര്‍ശനവും പ്രതിനിധികള്‍ പങ്കുവച്ചു. തിരുവനന്തപുരം കാട്ടാക്കടയില്‍ പാര്‍ട്ടി ഭരിക്കുന്ന കണ്ടല ബാങ്കിലെ വന്‍ക്രമക്കേടില്‍ സംസ്ഥാന നേതൃത്വത്തിനു ജാഗ്രതക്കുറവുണ്ടായി. മുന്നണിയിലെ തിരുത്തല്‍ ശക്തിയായിരുന്ന പാര്‍ട്ടിയുടെ ആ സ്ഥാനം നഷ്ടപ്പെട്ടു മുഖം ഇല്ലാതായി