ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവ് എംഎസ് സ്വാമിനാഥന്‍ അന്തരിച്ചു

ചെന്നൈ∙ ഇന്ത്യയെ കാർഷിക സ്വയംപര്യാപ്തതയിലേക്കു നയിച്ച പ്രതിഭ എം.എസ്.സ്വാമിനാഥൻ (98) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ മങ്കൊമ്പ് എന്ന സ്ഥലത്ത് 1925 ഓഗസ്റ്റ് 7നു ജനിച്ച മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന എം.എസ്.സ്വാമിനാഥൻ ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവായാണ് അറിയപ്പെടുന്നത്. ബോർലോഗിന്റെ ഗവേഷണങ്ങൾക്ക് ഇന്ത്യൻ സാഹചര്യങ്ങളിൽ തുടർച്ച നൽകിയ അദ്ദേഹം, നമ്മുടെ പരിസ്ഥിതിക്ക് ഇണങ്ങുന്ന അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങൾ വികസിപ്പിച്ചെടുക്കുകയും കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഭാര്യ: മീന ഭൂതലിംഗം. മക്കൾ: ഡോ. സൗമ്യ, മധുര, നിത്യ

ടൈം മാഗസിൻ അവലോകനം അനുസരിച്ച് ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യ കണ്ട ഏറ്റവും സ്വാധീനശക്തിയുള്ള 20 പേരിൽ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തെ കൂടാതെ മഹാത്മാ ഗാന്ധിയും രവീന്ദ്രനാഥ ടഗോറും മാത്രമാണ് ഇന്ത്യയിൽനിന്ന് 20 പേരിൽ ഉൾപ്പെട്ടിരുന്നത്. സ്ഥിരം ഭക്ഷ്യസുരക്ഷയ്ക്ക് ഉതകുന്ന സുസ്ഥിര കൃഷിക്കുവേണ്ടി ഹരിതവിപ്ലവം, നിത്യഹരിതവിപ്ലവം ആക്കേണ്ടതുണ്ടെന്ന അദ്ദേഹത്തിന്റെ ശുപാർശ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *