മന്ത്രി റിയാസിനെതിരെ യു പ്രതിഭ എംഎല്‍എ, ടൂറിസം വകുപ്പ് കായംകുളത്തെ അവഗണിക്കുന്നുവെന്ന്

ആലപ്പുഴ: ടൂറിസം വകുപ്പ് കായംകുളം മണ്ഡലത്തോടു കടുത്ത അവഗണന കാട്ടുന്നുവെന്ന പരാതിയുമായി യു.പ്രതിഭ എംഎല്‍എ. മണ്ഡലത്തിലെ വിനോദസഞ്ചാര മേഖല അവഗണനയാല്‍ വീര്‍പ്പുമുട്ടുകയാണെന്ന് എംഎല്‍എ ആരോപിച്ചു.
കായംകുളം കായലോരത്തെ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്യുമ്പോഴാണ്, ഭരണകക്ഷി എംഎല്‍എ കൂടിയായ പ്രതിഭ വിമര്‍ശനമുയര്‍ത്തിയത്. പോകും മുന്‍പ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വകുപ്പുമന്ത്രി മുഹമ്മദ് റിയാസ് അടക്കം പല മന്ത്രിമാരെ സമീപിച്ചെങ്കിലും പ്രശ്‌നത്തിനു പരിഹാരം കണ്ടെത്താനായില്ലെന്നും കായംകുളവും ആലപ്പുഴയുടെ ഭാഗമാണെന്നു ഭരണാധികാരികള്‍ ഓര്‍ക്കണമെന്നും പ്രതിഭ പറഞ്ഞു.
”ടൂറിസം എന്നു പറഞ്ഞാല്‍ ആലപ്പുഴ ബീച്ചും പുന്നമടക്കായലും ആണെന്ന മിഥ്യാധാരണ ടൂറിസം വകുപ്പിന് എപ്പോഴുമുണ്ട്. ലോകപ്രശസ്തമായ കെട്ടുകാഴ്ചകള്‍ നടക്കുന്ന സ്ഥലമാണ് കായംകുളം. പരമ്പാരഗതമായി ആലപ്പുഴയോടൊപ്പം തന്നെ വ്യവസായങ്ങള്‍ നടന്നിരുന്ന സ്ഥലമാണിത്.
നിര്‍ഭാഗ്യവശാല്‍ അങ്ങേയറ്റം അവഗണനയാണ് കായംകുളം നേരിടുന്നത്. ആലപ്പുഴയുടെ ഒരു ഭാഗം തന്നെയാണ് ഏറ്റവും ശ്രദ്ധേയമായ ഈ കായംകുളം എന്ന് അധികാരികള്‍ ഓര്‍ക്കണം. അങ്ങേയറ്റം അവഗണനയാല്‍ വീര്‍പ്പു മുട്ടുന്ന വിനോദസഞ്ചാര മേഖലയാണ് കായംകുളത്ത് ഉള്ളത് എന്നും ഓര്‍മിപ്പിക്കുന്നു” പ്രതിഭ പറഞ്ഞു.