കോഴിക്കോട്: മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തില്‍ കോഴിക്കോട് മേഖലാതല അവലോകനയോഗം ഇന്ന് നടക്കും. കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളുടെ അവലോകന യോഗമാണ് ചെറുവണ്ണൂര്‍ മറീന കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥരാകെയും പങ്കെടുക്കുന്ന മേഖലാ തലയോഗം വലിയ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അവലോകന യോഗത്തിന് ആവശ്യമായ എല്ലാ ഒരുക്കങ്ങളും കോഴിക്കോട് പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു.
അവസാനത്തെ മേഖലാ യോഗമാണ് കോഴിക്കോട്ട് നടക്കുന്നത്. ദേശീയപാത, മലയോര ഹൈവേ, തീരദേശ ഹൈവേ, വയനാട് തുരങ്കപാത, മാലിന്യമുക്തകേരളം, ഹരിതകേരളം മിഷന്‍, ദാരിദ്ര്യനിര്‍മാര്‍ജനം, ലൈഫ് മിഷന്‍, സമഗ്ര വിദ്യാഭ്യാസ പുനരുജ്ജീവന പരിപാടി, ജല്‍ജീവന്‍ മിഷന്‍, ആര്‍ദ്രം മിഷന്‍, ഇന്റര്‍നാഷനല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ആയുര്‍വേദ, കോവളം ബേക്കല്‍ ഉള്‍നാടന്‍ നാവിഗേഷന്‍, നാല് ജില്ലകളുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
രാവിലെ 9.30 മുതല്‍ ഉച്ച 1.50 വരെ പ്രമുഖ പദ്ധതികളുടേയും പരിപാടികളുടേയും അവലോകനം നടക്കും. വൈകീട്ട് 3.30 മുതല്‍ അഞ്ച് വരെ പൊലീസ് ഓഫീസര്‍മാരുടെ യോഗംചേര്‍ന്ന് ക്രമസമാധാന പ്രശ്നങ്ങള്‍ അവലോകനം ചെയ്യും. വിവിധ വകുപ്പ് സെക്രട്ടറിമാര്‍, ഡയറക്ടര്‍മാര്‍, നാല് ജില്ലകളില്‍ നിന്നുള്ള കലക്ടര്‍മാര്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
ഭരണനേട്ടങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ അനുഭവവേദ്യമാകാനും സമയബന്ധിത പദ്ധതി നിര്‍വഹണം ഉറപ്പാക്കാനും വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനുമായാണ് മേഖലാ തല യോഗം ചേരുന്നതെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.