കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മില്‍ ഊഷ്മള ബന്ധം വേണമെന്നും അതു പ്രവര്‍ത്തകര്‍ക്കു ബോധ്യപ്പെടണമെന്നും എ.കെ.ആന്റണി

തിരുവനന്തപുരം : കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മില്‍ ഊഷ്മള ബന്ധം വേണമെന്നും അതു പ്രവര്‍ത്തകര്‍ക്കു ബോധ്യപ്പെടണമെന്നും കെപിസിസി നിര്‍വാഹക സമിതിയോഗത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ.ആന്റണി. ഇരുവര്‍ക്കുമിടയില്‍ ഐക്യമില്ലെങ്കിലും ഉണ്ടെന്നു പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തുകയെങ്കിലും വേണമെന്നും ആന്റണി അഭിപ്രായപ്പെട്ടു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മില്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വച്ച് തര്‍ക്കിച്ച സംഭവം പാര്‍ട്ടിക്കു നാണക്കേടായ സാഹചര്യത്തിലാണ് ആന്റണിയുടെ വാക്കുകള്‍
കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവുമാണു പാര്‍ട്ടിയില്‍ അവസാന വാക്കെന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് ആന്റണി ഉപദേശത്തിനു മുതിര്‍ന്നത്. എന്നാല്‍ രണ്ടുപേരും ഒരുമിച്ചുപോകണം, ഒരുമിച്ചാണെന്ന തോന്നല്‍ അണികള്‍ക്കു നല്‍കുകയും വേണമെന്നും ആന്റണി പറഞ്ഞു. അതേസമയം, സ്ഥാനത്തിരിക്കുന്നവര്‍ ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിക്കണമെന്നും കഴിവുള്ളവര്‍ പാര്‍ട്ടിയില്‍ വേറെയുമുണ്ടെന്ന് ഓര്‍ക്കണമെന്നുമുള്ള മുന്നറിയിപ്പുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും രംഗത്തെത്തി.
അതേസമയം, വി.ഡി.സതീശനുമായി ഇപ്പോള്‍ തര്‍ക്കമില്ലെന്നും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുഫലം വന്ന ദിവസമുണ്ടായത് ആര് ആദ്യം സംസാരിക്കണമെന്ന ചെറിയൊരു തര്‍ക്കം മാത്രമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന് പ്രതികരിച്ചു. ചാനലുകള്‍ കോല് കൊണ്ടുവച്ചതു താന്‍ അറിഞ്ഞില്ല. കെപിസിസി പ്രസിഡന്റിന്റെ ഭാരിച്ച ഉത്തരവാദിത്തം വഹിക്കുന്നതിനാല്‍ തന്നെ ഇത്തവണ ലോക്സഭയിലേക്കു മത്സരിക്കുന്നതില്‍നിന്ന് ഒഴിവാക്കണമെന്നു പാര്‍ട്ടിയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.