വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വന്‍ തുക ശമ്പളത്തില്‍ പുനര്‍ നിയമനം

തിരുവനന്തപുരം: വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വന്‍ തുക ശമ്പളത്തിലുള്ള പുനര്‍ നിയമനം സംസ്ഥാനത്ത് പതിവാകുന്നതില്‍ ഐഎഎസ് അസോസിയേഷന് കടുത്ത അതൃപ്തി. കേഡര്‍ പദവികളിലേക്ക് പുതിയ ആളുകള്‍ക്ക് എത്താനാകുന്നില്ലെന്ന് മാത്രമല്ല സര്‍ക്കാരിന് താല്പര്യമില്ലാത്തവരെ അവഗണിക്കുന്നതായും അസോസിയേഷന് പരാതിയുണ്ട്. പ്രത്യേക തസ്കികയുണ്ടാക്കിയും ശമ്പളത്തോടൊപ്പം പെന്ഷന് നല്കാന് ചട്ടം ഭേദഗതി ചെയ്തുമൊക്കെയാണ് വാരിക്കോരിയുള്ള പുനര്‍നിയമനങ്ങള്‍.
വിരമിച്ച മുന്‍ ചീഫ് സെക്രട്ടരി വി പി ജോയിക്ക് ചീഫ് സെക്രട്ടറിയെക്കാള്‍ ശമ്പളം വാങ്ങാന്‍ അവസരമുണ്ടായത് അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. കേരള പബ്ലിക് എന്റര്‍പ്രൈസസ് ബോഡിന്റെ ചെയര്മാന് തസ്തികയിലേക്ക് വി പി ജോയിയെ പരിഗണിക്കുന്നതിന് സര്‍വ്വീസ് റൂളിലെ ചട്ടം വരെ സര്‍ക്കാര്‍ ഭേദഗതി ചെയ്തു. പെന്ഷന് കഴിഞ്ഞുള്ള അവസാന ശമ്പളമാണ് സാധാരണ പുനര്‍ നിയമനങ്ങള്‍ക്ക് കിട്ടാറുള്ളതെങ്കില്‍, വി പി ജോയിക്ക് പെന്‍ഷനും ശമ്പളവും ഒരുമിച്ചാണ് കിട്ടുന്നത്. സമാന രീതിയില്‍ സര്‍വ്വീസില്‍ തുടരുന്ന മറ്റൊരു ഉദ്യോഗസ്ഥനാണ് മുന്‍ ചീഫ് സെക്രട്ടറി ഡോ, കെ എം എബ്രഹാം.
വിരമിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും പുനര്‍ നിയമനത്തില്‍ പല ചുമതലകളും ഇദ്ദേഹത്തിന്റെ കൈവശമാണുള്ളത്. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മാത്രമല്ല കിഫ്ബി സിഇഒ സ്ഥാനത്തും കെ ഡിസ്കിന്റെ തലപ്പത്തും കെഎം എബ്രഹാമാണ്. ചീഫ് സെക്രട്ടറിയായി വര്‍ഷങ്ങള്‍ക്ക് മുമ്പെ വിരമിച്ച കെ ജയകുമാറിനെ തുടരെത്തുടരെ പദവികള്‍ തേടിയെത്തുന്നു. ഇപ്പോള്‍ ഐഎംജി ഡയറക്ടറാണ്. അതിന് മുന്‍പ് മലയാള സര്‍വകലാശാല വിസി, ഇതിനെല്ലാം ഇടക്ക് പല പല ചുമതലകള്‍ വേറെയും.