ശക്തവും നീണ്ടുനില്ക്കുന്നതുമായ യുദ്ധമുണ്ടാകുമെന്ന് ഇസ്രയേല്‍; മരണസംഖ്യ ഉയരുന്നു

ടെല്‍അവീവ്: ഇസ്രയേല്‍ ഹമാസ് ആക്രമണം കൂടുതല്‍ രൂക്ഷമാകുന്നു. ഗാസയില്‍ 500 ലധികം ഹമാസ് തീവ്രവാദികളെ ഒറ്റ രാത്രികൊണ്ട് ആക്രമിച്ചെന്ന് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. 5,000 റോക്കറ്റുകള്‍ തൊടുത്തുവിട്ടതായി ഹമാസും, 2500 റോക്കറ്റുകള്‍ തൊടുത്തുവിട്ടതായി ഇസ്രായേല്‍ സൈന്യവും അറിയിച്ചു.
മൂന്ന് ദിവസം മുമ്പാണ് യുദ്ധം ആരംഭിച്ചത്. റഷ്യ – യുക്രെയിന് യുദ്ധത്തിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ഏറ്റുമുട്ടലായിട്ടാണ് ഇസ്രയേല്‍ – ഹമാസ് ഏറ്റുമുട്ടലിനെ ലോകം വിലയിരുത്തുന്നത്. മരണ സംഖ്യയും ഉയരുകയാണ്. ആക്രമണത്തില്‍ 700 ഇസ്രയേലുകാരടക്കം ഇതുവരെ 1100ലധികം പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.ആക്രമണത്തില്‍ 1500 ലധികം ഇസ്രയേലുകാര്‍ക്ക് പരിക്കേറ്റു. സൈനിക കമാന്‍ഡര്‍ അടക്കം നിരവധി പേരെ ഹമാസ് ബന്ദികളാക്കിവച്ചിരിക്കുകയാണ്. 1973ലെ യുദ്ധത്തിന് ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് വിവരം.ശക്തവും നീണ്ടുനില്ക്കുന്നതുമായ യുദ്ധമുണ്ടാകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്കി.
800 ഓളം കേന്ദ്രങ്ങളിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ആതേസമയം, ഐസിസും അല്‍ഖ്വയ്ദയും പോലെയാണ് ഹമാസുമെന്ന് ഇസ്രയേല്‍ പ്രതിനിധി ഗിലാദ് എര്‍ദാന്‍ യു എന്നില്‍ പറഞ്ഞു.അതേസമയം, ഇസ്രയേലിനെ സഹായിക്കാന്‍ പടക്കപ്പലുകളും യുദ്ധവിമാനങ്ങളും അയക്കുമെന്ന് അമേരിക്ക അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ സൈനിക സഹായവും വാഗ്ദ്ധാനം ചെയ്തിട്ടുണ്ട്. ആക്രമണത്തില്‍ അമേരിക്കന്‍ പൗരന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്.
പന്ത്രണ്ട് പൗരന്മാര് കൊല്ലപ്പെട്ടെന്ന് തായ്ലാന്ഡ്
തങ്ങളുടെ 12 പൗരന്മാര് ഇസ്രയേലില്‍ കൊല്ലപ്പെട്ടതായി തായ്ലന്ഡ് അറിയിച്ചു. 11 പേരെ തട്ടിക്കൊണ്ടുപോകുകയും ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി തായ്ലന്ഡ് വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. പത്തോളം നേപ്പാളി വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് നേപ്പാള്‍ എംബസി അറിയിച്ചു. ഒരു കാനഡ പൗരന് കൊല്ലപ്പെടുകയും രണ്ടുപേരെ കാണാതാകുകയും ചെയ്തു.