ലത്തീന്‍ സഭയുടെ ചാമ്പ്യന്‍ഷിപ്പ് ഏറ്റെടുക്കാന്‍ സഭ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: ലത്തീന്‍ സഭയുടെ ചാമ്പ്യന്‍ഷിപ്പ് ഏറ്റെടുക്കാന്‍ സഭ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു. ഫാ. യുജിന്‍ പെരേരയ്ക്കെതിരെയായിരുന്നു മന്ത്രിയുടെ വിമര്‍ശനം. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ആഗോള കത്തോലിക്കാ സഭയാണ് ലത്തീന്‍ സഭ. ആ സഭയുടെ മൊത്തം ചാമ്പ്യന്‍ഷിപ്പ് ഏറ്റെടുക്കാന്‍ സഭ, ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. സഭ ഞാനാണ്, ഐ ആം ദ് കിങ് എന്ന് ഞാന്‍ സ്വയം പ്രഖ്യാപിച്ചാല്‍ അങ്ങനെയാകുമോ.

സഭയെന്ന് പറയുന്നത് ഇടവകകളും അല്‍മായരും ചേരുന്നതാണ്. ഈ വിഷയത്തില്‍ വിഴിഞ്ഞം ഇടവകയുടെ പരസ്യ പ്രസ്താവന വന്നതോടെ, ഇതിനെല്ലാമുള്ള മറുപടിയാണ്. വിഴിഞ്ഞം ഇടവകയുടെ അഭിപ്രായത്തോടെ ജനങ്ങളുടെ വികാരമെന്താണെന്നത് ബോധ്യപ്പെട്ടു. ചടങ്ങിലേക്ക് ക്ഷണിക്കേണ്ടവരെയെല്ലാം ക്ഷണിക്കും. അവരാണ് പങ്കെടുക്കണോ, വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത്. പേരില്ലാത്തവരല്ല കാര്യങ്ങള്‍ നിശ്ചയിക്കേണ്ടത്. രാജ്യവും, കേരളവും അംഗീകരിച്ച പദ്ധതിയെ എന്തിന്റെ പേരിലാണ് വിമര്‍ശിക്കുന്നതെന്ന് വിമര്‍ശകര്‍ക്ക് പോലും മറുപടി പറയാന്‍ കഴിയുന്നില്ലന്ന് ആന്റണി രാജു പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *