ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരായ കൈക്കൂലി ആരോപണത്തിനു പിന്നില്‍ പ്രതിപക്ഷമാണെന്ന മുഖ്യമന്ത്രി

തിരുവനന്തപുരം : ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരായ കൈക്കൂലി ആരോപണത്തിനു പിന്നില്‍ പ്രതിപക്ഷമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപഹാസ്യമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വായില്‍ തോന്നുന്നതെന്തും വിളിച്ചു പറയാന്‍, പാര്‍ട്ടി സെക്രട്ടറിയുടെ സ്ഥാനത്തല്ല മുഖ്യമന്ത്രിക്കസേരയിലാണ് ഇരിക്കുന്നതെന്ന് പിണറായി വിജയന്‍ ഓര്‍ക്കണം. ഇരിക്കുന്ന സ്ഥാനത്തിന്റെ വില കളയുന്ന തരത്തില്‍ ആവര്‍ത്തിച്ചു പച്ചക്കള്ളം വിളിച്ചു പറയുന്ന മുഖ്യമന്ത്രിയായി അധഃപതിക്കരുതെന്നു സതീശന്‍ വിമര്‍ശിച്ചു.

മാധ്യമങ്ങള്‍ ഉള്ളത് പറയുമ്പോള്‍ മറ്റേയാള്‍ക്കു തുള്ളല്‍’ എന്നതു തന്നെയാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെ അവസ്ഥ. മന്ത്രിയുടെ ഓഫിസിനെതിരായ ആരോപണത്തില്‍ ആരെയൊക്കെയാണു മുഖ്യമന്ത്രിയുടെ പൊലീസ് അറസ്റ്റ് ചെയ്തത്? അവരെല്ലാം സ്വന്തം പാളയത്തിലുള്ളവരല്ലേ അഖില്‍ സജീവ് പത്തനംതിട്ട സിഐടിയു ഓഫിസ് സെക്രട്ടറിയായിരുന്നു. ഫണ്ട് തട്ടിച്ചെന്നു സിഐടിയു നല്‍കിയ പരാതിയില്‍ പോലും നടപടിയെടുക്കാതെ, പത്തനംതിട്ടയില്‍ നിന്നു മുങ്ങി കോഴിക്കോട് കേന്ദ്രീകരിച്ച് ഇത്രകാലവും തട്ടിപ്പ് നടത്താന്‍ അഖില്‍ സജീവിന് അവസരമൊരുക്കി. മറ്റൊരു പ്രതി എഐഎസ്എഫിന്റെ മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറിയാണ്.

മഞ്ചേരി നഗരസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ച തലാപ്പില്‍ സജീറിന്റെ വീട്ടില്‍ വച്ചല്ലേ ബാസിതിനെ പൊലീസ് അറസ്റ്റ് ചെയ്തത് മന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയ പ്രതിക്ക് അഭയം നല്‍കിയ സജീറിനെതിരെ പൊലീസ് കേസെടുത്തോ ‘ഞാന്‍ നിങ്ങളുടെ പി.എസിനെ കണ്ടു കാര്യങ്ങള്‍ സംസാരിക്കാന്‍ പോവുകയാണ്’ എന്ന സന്ദേശം ബാസിത് അയച്ചതു മന്ത്രിയുടെ പിഎ അഖില്‍ മാത്യുവിന്റെ മൊബൈല്‍ നമ്പറിലേക്കാണ്. അതു ബാസിത് പുറത്തു വിട്ടിട്ടുമുണ്ട്. കൈക്കൂലി ആരോപണത്തില്‍ നിരപരാധിയാണെങ്കില്‍ അന്നു തന്നെ മന്ത്രിയുടെ പിഎ ഇതിനെതിരെ പരാതി നല്‍കാതിരുന്നത് എന്തുകൊണ്ടാണ്? പൊലീസ് പുറത്തുവിട്ട വിവരങ്ങള്‍ ഇപ്പോഴും സംശയകരമാണ്. പല കണ്ണികളും തമ്മില്‍ ചേരുന്നില്ല. എന്നിട്ടും പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും പഴിയ്ക്കുന്ന തൊലിക്കട്ടിക്കു നല്ല നമസ്‌കാരമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

 

Leave a Reply

Your email address will not be published. Required fields are marked *