വിഴിഞ്ഞത്ത് ആദ്യ കപ്പലിന് ഗംഭീര സ്വീകരണം

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലിന് ഗംഭീര സ്വീകരണം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചൈനീസ് കപ്പലായ ഷെന്‍ഹുവ 15നെ ഫ്‌ലാഗ്‌സ് ഇന്‍ ചെയ്ത് സ്വീകരിച്ചത്. വിഴിഞ്ഞം വാര്‍ഫിലേക്കു കപ്പല്‍ അടുപ്പിച്ചു. വാട്ടര്‍ സല്യൂട്ടിന്റെ അകമ്പടിയോടെയാണു കപ്പല്‍ ബര്‍ത്തിലേക്ക് അടുപ്പിച്ചത്. മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ചടങ്ങില്‍ സന്നിഹിതരായിട്ടുണ്ട്. കേന്ദ്ര തുറമുഖ വകുപ്പു മന്ത്രി സര്‍ബാനന്ദ സോനോവാളാണു മുഖ്യാതിഥി. ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്നു പൊതുജനങ്ങള്‍ക്കു പ്രവേശനം അനുവദിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം മേയിലാണു തുറമുഖം കമ്മിഷന്‍ ചെയ്യുന്നത്

അദാനി പോര്‍ട്ടുമായി 40 വര്‍ഷത്തെ കരാറിലാണു സര്‍ക്കാര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ആകെ 7700 കോടി രൂപയാണു നിര്‍മാണച്ചെലവ്. ആദ്യഘട്ടത്തില്‍ 10 ലക്ഷം കണ്ടെയ്‌നറുകളാണു തുറമുഖത്ത് എത്തുക. രാജ്യാന്തര കപ്പല്‍ ചാലില്‍നിന്ന് 18 കിലോമീറ്റര്‍ മാത്രം അകലെയാണു വിഴിഞ്ഞം തുറമുഖം. കൂറ്റന്‍ മദര്‍ ഷിപ്പുകള്‍ക്ക് ഇവിടെ നങ്കൂരമിടാനാകും. ഇതോടെ രാജ്യത്തെ ഏറ്റവും മികച്ച ചരക്കുനീക്ക സംവിധാനമാവും വിഴിഞ്ഞത്ത് തയാറാവുക.

മദര്‍ഷിപ്പുകളില്‍നിന്നു രാജ്യത്തെ മറ്റു തുറമുഖങ്ങളിലേക്കു കണ്ടെയ്‌നറുകള്‍ എത്തിക്കാനുള്ള സംവിധാനവും വിഴിഞ്ഞത്തുണ്ട്. 22 യാര്‍ഡ് ക്രെയിനുകളും 7 ഷിഫ്റ്റ് ഷോക്ക് ക്രെയിനുകളും വിഴിഞ്ഞത്ത് സ്ഥാപിക്കും. ഇതില്‍ ആദ്യ ഘട്ടമായി ഷെന്‍ഹുവ 15ല്‍ ഒരു ഷിഫ്റ്റ് ഷോക്ക് ക്രെയിനും രണ്ട് യാര്‍ഡ് ക്രെയിനുകളുമാണ് എത്തിച്ചിട്ടുള്ളത്. ചൈനയില്‍നിന്നുള്ള അടുത്ത കപ്പലുകളില്‍ കൂടുതല്‍ ക്രെയിനുകളെത്തിക്കും. പിന്നീട് 6 മാസം ട്രയല്‍ പീരിയഡ് ആയിരിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *