തിരുവനന്തപുരം : വ്യത്യസ്ത സര്‍ക്കാരുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് വിഴിഞ്ഞം തുറമുഖമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലായ ഷെന്‍ഹുവ 15നെ ഫ്ലാഗ് ഇന്‍ ചെയ്ത് സ്വീകരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രസംഗത്തിനിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരും മന്ത്രി പരാമര്‍ശിച്ചു. ഉമ്മന്‍ ചാണ്ടിയെ ഹൃദയപൂര്‍വം ഓര്‍ക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേരിടണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.
വിഴിഞ്ഞത്ത് ഒരു തുറമുഖമെന്നത് നൂറ്റാണ്ടുകളുടെ കിനാവായിരുന്നു. 1995 മുതലുള്ള എല്ലാ സര്‍ക്കാരുകളും വ്യത്യസ്ത തലങ്ങളിലും കരങ്ങളിലും ഈ സ്വപ്നം പൂര്‍ത്തിയാക്കുവാന്‍ നടത്തിയ ഇടപെടലുകളുടെ തുടര്‍ച്ചയും വിജയവുമാണ് ഈ ദിനം. ഇതിനായി പരിശ്രമിച്ച എല്ലാവരെയും, വിശിഷ്യ, ഇ.കെ.നായനാര്‍, കെ.കരുണാകരന്, ഉമ്മന്‍ ചാണ്ടി, വി.എസ്.അച്യുതാനന്ദന് എന്നിവരെയും ഈ ദിവസം ഹൃദയപൂര്‍വം ഓര്‍മിക്കുന്നു. 2015ലെ സര്‍ക്കാര്‍ ഒപ്പുവച്ച ഈ പദ്ധതിയുടെ ബര്‍ത്തിന്റെ നിര്‍മാണോദ്ഘാടനം 2017ല്‍ നടത്തിയെങ്കിലും മറ്റു വികസന മേഖലകളിലെന്നപ്പോലെ, പ്രകൃതി ദുരന്തങ്ങളും മഹാമാരിയും സമരങ്ങളും പദ്ധതിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. എന്നാല്‍, എല്ലാ തടസ്സങ്ങളെയും അതിജീവിച്ച് വിഴിഞ്ഞം തുറമുഖം കമ്മിഷന് ചെയ്യുന്നതിലേക്ക് നടന്നടുക്കുകയാണ് മന്ത്രി പറഞ്ഞു