തലസ്ഥാനത്ത് മഴ തുടരും; പത്ത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കേരളത്തില്‍ പ്രത്യേകിച്ച്, തലസ്ഥാന ജില്ലയില്‍ മഴ തുടരുകയാണ്. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, ഇന്ന് ഒരു ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടില്ല.

തലസ്ഥാനത്ത് പലയിടങ്ങളിലും രാത്രിയിലുടനീളം മഴ പെയ്തിരുന്നു. ശനിയാഴ്ചയും ഞായറാഴ്ചയും മഴയെത്തുടര്‍ന്ന് ഉണ്ടായ വെള്ളക്കെട്ട് മാറിവരുന്നതിനിടെയാണ് ഇന്നലെ നഗരങ്ങളില്‍ പലയിടത്തും കനത്ത മഴ പെയ്തത്. വിതുരയില്‍ വാമനപുരം നദി കരകവിഞ്ഞു. പൊഴിയൂരിലെ തീരദേശ മേഖലകളില്‍ കടലാക്രമണം രൂക്ഷമായിരിക്കുകയാണ്. അഗസ്ത്യ വനമേഖലയില്‍ ശക്തമായ മഴ ലഭിച്ചു. അമ്പൂരി, വെള്ളറട മേഖലയില്‍ മണിക്കൂറുകളോളം ഇടിയോടുകൂടിയ മഴ ലഭിച്ചിരുന്നു. പലയിടങ്ങളിലും വീടുകള്‍ തകരുന്നതടക്കം നാശനഷ്ടങ്ങളുണ്ടായി.

അതേസമയം, മഴ കനക്കുന്നതോടൊപ്പം മലയോര മേഖലയില്‍ പകര്‍ച്ചപ്പനി വ്യാപിക്കുകയാണ്. കടുത്ത പനി, ജലദോഷം, ചുമ, തുമ്മല്‍, തലവേദന, ശ്വാസംമുട്ടല്‍ എന്നീ അസുഖങ്ങളാണ് പടരുന്നത്. ഇതിനിടയില്‍ ചെങ്കണ്ണും വ്യാപിച്ചിട്ടുണ്ട്. അരുവിക്കര നിയോജക മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. വിതുര ഗവണ്‍മെന്റ് താലൂക്ക് ആശുപത്രി, തൊളിക്കോട് കുടുംബാരോഗ്യകേന്ദ്രം, മലയടി കുടുംബാരോഗ്യകേന്ദ്രം എന്നീ ആശുപത്രികളില്‍ രോഗബാധിതരായി എത്തുന്നവരുടെ എണ്ണം അനുദിനം ഉയരുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *