മുന്‍ മന്ത്രി വി.എസ്.ശിവകുമാറിനെതിരെ ബാങ്ക് തട്ടിപ്പില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: മുന്‍ മന്ത്രി വി.എസ്.ശിവകുമാറിനെതിരെ ബാങ്ക് തട്ടിപ്പില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം ജില്ലാ അണ്‍എംപ്ലോയീസ് സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണ സംഘത്തില്‍ നിക്ഷേപിച്ച പണം നഷ്ടപ്പെട്ടു എന്ന പരാതിയില്‍ കരമന പോലീസാണ് കേസെടുത്തത്. വഞ്ചന, ഗൂഢാലോചന തുടങ്ങി ഗുരുതര വകുപ്പുകള്‍ ആണ് കേസില്‍ ചുമത്തിയിട്ടുള്ളത്.
കല്ലിയൂര്‍ സ്വദേശി മധുസൂദനന് നായര്‍ 2014ല്‍ സഹകരണ സംഘത്തില്‍ നിക്ഷേപിച്ച പത്ത് ലക്ഷം രൂപ തിരികെ നല്‍കിയില്ല എന്നതാണ് കേസ്. സംഘത്തിന്റെ പ്രസിഡന്റ് രാജേന്ദ്രന് തന്റെ അയല്‍വാസി ആയിരുന്നു. അവിടെ പതിവായി വരാറുണ്ടായിരുന്ന വി. എസ്.ശിവകുമാര്‍ പറഞ്ഞത് പ്രകാരമാണ് മറ്റൊരു ബാങ്കില്‍ ഇട്ടിരുന്ന പണം പിന്‍വലിച്ച് സംഘത്തില്‍ നിക്ഷേപിച്ചത്. 2020 വരെ പലിശ കിട്ടി. പിന്നീട് പല തവണ ആവശ്യപ്പെട്ടെങ്കിലും പലിശയോ മുതലോ കിട്ടിയില്ല. പല അവധികള്‍ പറഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്ന് കരമന പോലീസ് തയ്യാറാക്കിയ എഫ് ഐ ആറില്‍ പറയുന്നു.
ബാങ്ക് പ്രസിഡന്റ് രാജേന്ദ്രന് ഒന്നാം പ്രതിയും സെക്രട്ടറി നീലകണ്ഠന് രണ്ടാം പ്രതിയും ബാങ്കിലെ എ ക്ലാസ് അംഗമായ വി എസ് ശിവകുമാര്‍ മൂന്നാം പ്രതിയുമാണ്. പണം കിട്ടനുള്ളവര് അടുത്തയിടെ തിരുവനന്തപുരം ശാസ്തമംഗലത്തെ ശിവകുമാറിന്റെ വീടിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ബാങ്കിന്റെ ഇടപാടുകളില്‍ തനിക്ക് യാതൊരു പങ്കുമില്ല എന്നാണ് ശിവകുമാര്‍ അന്ന് പരസ്യമായി പറഞ്ഞത്.