സോളാര്‍ പീഡനക്കേസില്‍ പരാതിക്കാരി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: സോളാര്‍ പീഡനക്കേസില്‍ പരാതിക്കാരി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോര്‍ട്ട് അംഗീകരിച്ച കീഴ്‌ക്കോടതി ഉത്തരവിനെതിരെയാണ് പരാതിക്കാരി ഹര്‍ജി നല്‍കിയത്. കെ സി വേണുഗോപാലിന് കോടതി നോട്ടീസ് അയച്ചു.

വേണുഗോപാലിനെതിരായ പരാതിക്കാരിയുടെ ആരോപണങ്ങള്‍ വ്യാജമാണെന്നാണ് കണ്ടെത്തിയാണ് കെ സി വേണുഗോപാലിന് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നത്. കേന്ദ്രമന്ത്രിയായിരിക്കെ കെ സി വേണുഗോപാല്‍ തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ ആക്ഷേപം. സംസ്ഥാന മന്ത്രിയായിരുന്ന എ പി അനില്‍കുമാറിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ വെച്ച് വേണുഗോപാല്‍ പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. പീഡനസമയത്ത് ധരിച്ചതായി പറയുന്ന രണ്ട് സാരികളും പരാതിക്കാരി ഹാജരാക്കിയിരുന്നു. എന്നാല്‍ ശാസ്ത്രീയപരിശോധന കൂടി നടത്തിയാണ് പരാതി സിബിഐ തള്ളിയത്.

വേണുഗോപാല്‍ പീഡിപ്പിക്കുന്നത് ഒരു സാക്ഷി ചിത്രീകരിച്ചുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതും വ്യാജമാണെന്ന് സിബിഐ അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായ കെ സി വേണുഗോപാലിനെതിരായ കേസിലെ സിബിഐയുടെ നിലപാട് എന്തായിരിക്കുമെന്നതില്‍ ഏറെ രാഷ്ട്രീയപ്രാധാന്യം ഉണ്ടായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *