ശശി തരൂരിന്റെ ഹമാസ് വിരുദ്ധ പ്രസംഗം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് തിരിച്ചടിയാകുമോ എന്ന ആശങ്കയില്‍ കോണ്‍ഗ്രസ്

തിരുവനന്തപുരം: ശശി തരൂരിന്റെ ഹമാസ് വിരുദ്ധ പ്രസംഗം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് തിരിച്ചടിയാകുമോ എന്ന ആശങ്കയില്‍ കോണ്‍ഗ്രസ്. തലസ്ഥാനത്തെ മഹല്ല് കമ്മിറ്റികളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്നും തരൂരിനെ ഒഴിവാക്കിയത് എതിര്‍പ്പിന്റെ തുടക്കമായി പാര്‍ട്ടി കാണുന്നു. വിഴിഞ്ഞം സമരകാലത്ത് തുറമുഖത്തിനായി വാദിച്ചതില്‍ ലത്തീന്‍ സഭക്ക് തരൂരിനോടുള്ള അകല്‍ച്ചയ്ക്കിടെയാണ് മഹല്ല് കമ്മിറ്റികളും കടുപ്പിക്കുന്നത്.

വിശ്വപൗരന്റെ തലസ്ഥാനത്തെ തുടര്‍വിജയങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് അടിയുറച്ച ന്യൂനപക്ഷ വോട്ടിന്റെ പിന്‍ബലമാണ്. ഏറ്റവും ശക്തമായ ത്രികോണപ്പോര് നടക്കുന്ന സംസ്ഥാനത്തെ പ്രധാന മണ്ഡലങ്ങളില്‍ മോദിവിരുദ്ധ ദേശീയ പ്രതിച്ഛായയാണ് മതന്യൂനപക്ഷങ്ങളെ എന്നും തരൂരിനോട് അടുപ്പിച്ചത്. എന്നാലിത്തവണ ആ കോര്‍ വോട്ടിലാണ് തുടരെ വിള്ളല്‍ വീഴുന്നത്. അടുത്തിടെ സംസ്ഥാനത്തെ ഒന്നാം നിര കോണ്‍ഗ്രസ് നേതാക്കളെക്കാള്‍ ലീഗിലെ ഒരു വിഭാഗവും മുസ്ലീം സമുദായവും കൂടുതല്‍ താല്പര്യം കാണിച്ചതും തരൂരിനോടാണ്. എന്നാല്‍ ലീഗ് മുഴുവന്‍ ശക്തിയും കാണിച്ച് നടത്തിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിലെ ഹമാസ് വിരുദ്ധ പ്രസംഗമാണ് തരൂരിനും കോണ്‍ഗ്രസ്സിനും വലിയ വിനയായത്.

ഉടനടിയുള്ള പ്രതികരണമെന്ന നിലക്കാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലെ 100 വാര്‍ഡുകളിലെ 32 മഹല്ലുകള്‍ ചേര്‍ന്നുള്ള കോര്‍ഡിനേഷന്‍ കമ്മിറ്റി തരൂരിനെ തലസ്ഥാനത്തെ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്നും മാറ്റിയത്. തിങ്കളാഴ്ച പാളയത്ത് നടക്കുന്ന പരിപാടിയിലെ അതിഥിസ്ഥാനത്തുനിന്നും മാറ്റുന്നതായി ശശി തരൂരിനെ ഔദ്യോഗികമായി കമ്മിറ്റി അറിയിച്ചു. പരിപാടിയില്‍ നിന്നൊഴിവാക്കിയതിനപ്പുറം തരൂരിനെതിരെ കൂടുതല്‍ കടുപ്പിക്കാനാണ് മഹല്ല് കമ്മിറ്റികളുടെ നീക്കം. അതാണ് തരൂരിനെയും കോണ്‍ഗ്രസിനെയും വെട്ടിലാക്കുന്നത്.

തരൂര്‍ അനാവശ്യവിവാദമുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. തരൂരിനെ പരസ്യമായി തള്ളുന്നില്ലെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിവാദത്തില്‍ ഉള്ളില്‍ സന്തോഷമാണ്. നേതൃത്വത്തെ വെല്ലുവിളിച്ച് മലബാറിലടക്കം പര്യടനം നടത്തിയ തരൂരിനെ പിന്തുണച്ചവരെല്ലാം വെട്ടിലായില്ലേ എന്നാണ് പല കോണ്‍ഗ്രസ് നേതാക്കളും ഇപ്പോള്‍ ചോദിക്കുന്നത്. എന്നും വന്‍പിന്തുണ നല്‍കിയിരുന്ന ലത്തീന്‍ സഭ വിഴിഞ്ഞം സമരത്തില്‍ തരൂരുമായി ഉടക്കി നില്‍ക്കെയാണ് ഹമാസ് വിവാദത്തില്‍ മഹല്ല് കമ്മിറ്റികളുടെ എതിര്‍പ്പ് എന്നതും ഇരട്ട തിരിച്ചടി.

 

Leave a Reply

Your email address will not be published. Required fields are marked *