കളമശേരി സ്‌ഫോടനത്തില്‍ മരണം മൂന്നായി

കൊച്ചി: കളമശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചു. കാലടി മലയാറ്റൂര്‍ സ്വദേശി ലിബിന (12) ആണ് മരിച്ചത്. 95 ശതമാനം പൊള്ളലേറ്റ് ചികിത്സയിലായിരുന്നു ലിബിന. മരണം സ്ഥിരീകരിച്ചത് രാത്രി 12.40നാണ്. ഇതോടെ കളമശേരിയില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ചികിത്സയിലിരുന്ന തൊടുപുഴ സ്വദേശി കുമാരി (53) രാത്രി എട്ട് മണിയോടെ മരിച്ചിരുന്നു.

ഇന്നുരാവിലെ ഒമ്പതരയോടെ ഉണ്ടായ സ്‌ഫോടനത്തില്‍ കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60) സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. സംഭവത്തില്‍ മുപ്പത്തഞ്ചിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.കളമശേരിയില്‍ മെഡിക്കല്‍ കോളേജിന് സമീപമുള്ള സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പൊട്ടിത്തെറിയുണ്ടായത്. ഈ മാസം 27 മുതല്‍ നടന്നുവരുന്ന സമ്മേളനത്തിന്റെ അവസാന ദിവസമായിരുന്നു ഇന്ന്.ഏകദേശം 2000ത്തില്‍ അധികം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തതായാണ് വിവരം.

പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.അതേസമയം, കളമശേരിയിലുണ്ടായത് ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് പ്രത്യേക പൊലീസ് സംഘം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ ആണ് സംഘത്തലവന്‍.21 അംഗ പ്രത്യേക അന്വേഷണസംഘത്തില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എ.അക്ബര്‍, ഭീകരവിരുദ്ധ സ്‌ക്വാഡ് ഡി.ഐ.ജി പുട്ട വിമലാദിത്യ, കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. ശശിധരന്‍, തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പി.വി ബേബി, എറണാകുളം ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ രാജ് കുമാര്‍.പി, കളമശ്ശേരി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിപിന്‍ ദാസ്, കണ്ണമാലി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ്, കുറുപ്പുംപടി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഫിറോസ്, ഭീകരവിരുദ്ധ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ബിജുജോണ്‍ ലൂക്കോസ് എന്നിവരും മറ്റ് 11 പൊലീസ് ഉദ്യോഗസ്ഥരും അംഗങ്ങളാണ്. കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ് ശശിധരനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.

 

Leave a Reply

Your email address will not be published. Required fields are marked *