കേന്ദ്ര സര്‍ക്കാര്‍ ഫോണും ഇമെയിലും ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് പ്രതിപക്ഷ നേതാക്കള്‍ രംഗത്ത്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഫോണും ഇമെയിലും ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് പ്രതിപക്ഷ നേതാക്കള്‍ രംഗത്ത്. കോണ്‍ഗ്രസ് എം പി ശശി തരൂര്‍, തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്ര, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം പവന്‍ ഖേര, ശിവസേന (ഉദ്ധവ്) രാജ്യസഭാ എം പി പ്രിയങ്ക ചതുര്‍വേദി തുടങ്ങിയവരാണ് കേന്ദ്രത്തിനെതിരെ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.

ആപ്പില്‍ ഫോണില്‍ നിന്ന് ലഭിച്ച മുന്നറിയിപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഉള്‍പ്പെടെ നേതാക്കള്‍ തങ്ങളുടെ എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥരുടെയും ഫോണുകള്‍ ഇത്തരത്തില്‍ ഹാക്ക് ചെയ്തതായി പരാതിയുണ്ട്. ഇന്നലെ രാത്രിയാണ് പലര്‍ക്കും മുന്നറിയിപ്പ് സന്ദേശം ലഭിച്ചത്.തന്റെ ഫോണും ഇമെയിലും സര്‍ക്കാര്‍ ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നതായി മുന്നറിയിപ്പ് നല്‍കി ആപ്പിള്‍ കമ്പനിയില്‍ നിന്ന് ഇമെയിലും സന്ദേശവും വന്നിരുന്നു.

നിങ്ങളുടെ ഭയം കണ്ടിട്ട് തനിയ്ക്ക് സഹതാപമാണ് തോന്നുന്നതെന്ന് മഹുവ മൊയ്ത്ര എക്‌സില്‍ കുറിച്ചു. ശിവസേന എം പി പ്രിയങ്ക ചതുര്‍വേദിയ്ക്കും മറ്റ് ചില ‘ഇന്ത്യ’ മുന്നണി നേതാക്കള്‍ക്കും ഇത്തരത്തിലുള്ള മുന്നറിപ്പ് ലഭിച്ചതായി മഹുവ പറഞ്ഞു. മഹുവയ്ക്ക് ലഭിച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടും അവര്‍ എക്‌സില്‍ പങ്കുവച്ചു. ‘സ്റ്റേറ്റ് സ്പോണ്‍സേര്‍ഡ് ആക്രമണകാരികള്‍ നിങ്ങളുടെ ഐഫോണിനെ ലക്ഷ്യവയ്ക്കുന്നു’ എന്നാണ് മഹുവയ്ക്ക് വന്ന സന്ദേശത്തിലുള്ളത്.

രാഹുല്‍ ഗാന്ധിയും എക്‌സില്‍ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചിട്ടുണ്ട്. ‘ആപ്പിളില്‍ നിന്ന് അപായ സന്ദേശം ലഭിച്ചു. ഇതിന്റെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കി. എന്നെപ്പോലുള്ള നികുതിദായകരുടെ ചെലവില്‍ ജോലിയില്ലാത്ത ഉദ്യോഗസ്ഥര്‍ക്ക് പണി നല്‍കുന്നതില്‍ സന്തോഷമുണ്ട്. ഇതിലും വലിയ കാര്യങ്ങള്‍ ഒന്നും ചെയ്യാനില്ലേ എന്നായിരുന്നു അദ്ദേഹം കുറിച്ചത്.

 

 

Leave a Reply

Your email address will not be published. Required fields are marked *