തിരുവനന്തപുരം : പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്കുള്ള ക്ഷണം സ്വീകരിച്ച മുസ്‌ലിം ലീഗിനെ പുകഴ്ത്തി സിപിഎം കേന്ദ്രകമ്മിറ്റിയംഗം എ.കെ.ബാലന്‍. മുസ്‌ലിം ലീഗ് ചില കാര്യങ്ങളില്‍ അന്തസ്സുള്ള തീരുമാനമെടുക്കുന്നെന്നും രാജ്യത്തെ ബാധിക്കുന്ന കാര്യങ്ങളില്‍ ഇടതുനിലപാടിന് അനുകൂല സമീപനമെന്നും എ.കെ.ബാലന്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ കക്ഷത്തെ കീറസഞ്ചിയല്ല ലീഗെന്നു പ്രകടമായി പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങളില്‍ അന്തസ്സുള്ള സമീപനമാണു മുസ്‌ലിം ലീഗ് സ്വീകരിക്കാറ്. ജനങ്ങളെയും രാജ്യത്തെയും ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഇടതുപക്ഷം സ്വീകരിക്കുന്ന സമീപനത്തോടു ശക്തമായ അനുകൂല പ്രതികരണമാണ് അവരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്.
ശക്തമായ രാഷ്ട്രീയ തീരുമാനം ലീഗ് എടുത്തുകഴിഞ്ഞു. ഇതു കേരളരാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. ഏക സിവില്‍കോഡില്‍ തന്നെ കോണ്‍ഗ്രസിന്റെ നിലപാടിനോടു ലീഗിന് യോജിപ്പുണ്ടായിരുന്നില്ല”ബാലന്‍ വിശദീകരിച്ചു.