സിപിഎമ്മുകാര്‍ക്ക് നവകേരളവും സാധാരണക്കാരന് ദുരിത കേരളവും എന്ന വി.ഡി.സതീശന്‍

തിരുവനന്തപുരം : സിപിഎമ്മുകാര്‍ക്ക് നവകേരളവും സാധാരണക്കാരന് ദുരിത കേരളവും എന്ന അവസ്ഥായാണ് സംസ്ഥാനത്ത് നിലവിലുളളതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ഭയാനകമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ തള്ളിവിട്ട മുഖ്യമന്ത്രിയും മന്ത്രിമാരും കോടികള്‍ ചെലവിട്ട് നടത്തുന്ന നവകേരള സദസും ആഡംബര ബസ് യാത്രയും ജനവിരുദ്ധ സര്‍ക്കാരിന്റെ അശ്ലീല കെട്ടുകാഴ്ചയായി മാത്രമെ ജനം വിലയിരുത്തൂ. ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു.
നാലു മാസത്തെ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയ ഗതികേടില്‍ വന്ദ്യവയോധികര്‍ പിച്ചച്ചട്ടിയുമായി തെരുവില്‍ ഇറങ്ങുമ്പോഴാണ് സര്‍ക്കാരും സി.പി.എമ്മും ഹാപ്പിനെസ്’ ആഘോഷിക്കുന്നത്. നിലവിലുണ്ടായിരുന്ന കൂര പൊളിച്ച് ലൈഫ് മിഷന്‍ വീടിന് തറ കെട്ടി ഒന്നും രണ്ടും ഗഡു ധനസഹായം ലഭിക്കാതെ പതിനായിരത്തോളം പാവങ്ങളെയാണ് സര്‍ക്കാര്‍ പെരുവഴിയിലാക്കിയത്. ജീവനക്കാര്‍ക്കുള്ള ഡി.എ കുടിശിക എന്ന് നല്‍കുമെന്ന ചോദ്യത്തിന് മറുപടിയില്ല. ഇങ്ങനെ സാധാരണക്കാര്‍ ദുരിതപര്‍വത്തില്‍ നില്‍ക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നാട് മുടിച്ചുള്ള യാത്രയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സി.പി.എമ്മും എല്‍.ഡി.എഫും സംഘടിപ്പിക്കുന്ന രാഷ്ട്രീയ പ്രചരണമാണ് നവകേരള സദസ്. അത് ജനങ്ങളുടെ നികുതിപ്പണം ചെലവഴിച്ച് സംഘടിപ്പിക്കുന്നത് അധികാരത്തിന്റെ ധാര്‍ഷ്ട്യവും ജനങ്ങളെ പരിഹസിക്കലുമാണ്. അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ ഈ സര്‍ക്കാരിനെ വെളുപ്പിച്ചെടുക്കാന്‍ പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും സതീശന്‍ വിമര്‍ശിച്ചു.