തൊഡ്രാ പാക്കലാം യൂത്ത് കോണ്‍ഗ്രസിനെ പഞ്ഞിക്കിട്ട ഡിവൈഎഫ്‌ഐക്കാര്‍ക്ക് മുഖ്യന്റെ പരസ്യ പിന്തുണ നവ കേരള യാത്രയില്‍ തീപാറുമെന്ന് ഉറപ്പ്

കണ്ണൂര്‍ പഴയങ്ങാടി എരിപുരത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിന് മുന്നില്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരസ്യ പിന്തുണ നല്‍കുന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

മുഖ്യമന്ത്രിയുടെ വാക്കുകളിലേക്ക്

എന്താണ് നടക്കുന്നതെന്ന് ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയല്ലേ. ഒരാള് ചാടിവരികയാണ്. ഈ ചാടിവരുന്നയാളെ ചിലചെറുപ്പക്കാര്‍ ചേര്‍ന്ന് അങ്ങോട്ട് പിടിച്ചുമാറ്റുകയാണ്. അങ്ങോട്ട് തള്ളിമാറ്റുകയാണ്. അത് രക്ഷിക്കാനല്ലേ ജീവന്‍ രക്ഷിക്കാനല്ലേ? ജീവന്‍ അപകടപ്പെടുത്താനുള്ള തരത്തില്‍ ചാടിവരുമ്പോള്‍ അതിനെ നല്ല ബലംപ്രയോഗിച്ചുതന്നെ അങ്ങോട്ട് മാറ്റണമല്ലോ. ആ മാറ്റലാണ് നടക്കുന്നത്. ഞാന്‍ ബസിന്റെ മുമ്പിലിരിക്കുകയല്ലേ, കണ്ടുകൊണ്ടിരിക്കയല്ലേ. ബസിന്റെ മുമ്പിലേക്ക് ചാടി അയാള്‍ അപകടത്തില്‍പെടാതിരിക്കാനുള്ള, ജീവന്‍ രക്ഷിക്കാനുള്ള പ്രവര്‍ത്തനമാണ്. അവിടെ വേദനപറ്റുമോ എന്ന് നോക്കിയിട്ട് കാര്യമില്ല. അയാളെ പെട്ടെന്ന് തള്ളിമാറ്റലാണ് പ്രധാനം. ആ ജീവന്‍ രക്ഷാ രീതിയാണ് ഡിവൈഎഫ്‌ഐക്കാര്‍ അവലംബിച്ചത്. അത് മാതൃകാപരമായിരുന്നു. ആ രീതികള്‍ തുടര്‍ന്നുപോകണമെന്നാണ് അഭ്യര്‍ഥിക്കാനുള്ളത്.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനാധിപത്യപരമായ പ്രതിഷേധം ഉയരുന്നതിനെ എതിര്‍ക്കാറില്ല, അത്തരത്തില്‍ മാത്രമേ അതിനെ കാണാറുള്ളു. എന്നാല്‍, ഓടുന്ന വാഹനത്തിന് മുമ്പില്‍ കരിങ്കൊടിയുമായി ചാടിവീണാല്‍ എന്തായിരിക്കും ഫലം. അത് പ്രതിഷേധമല്ല, ആക്രമണോത്സുകതയാണ്. അത്തരം ആക്രമണോത്സുകത ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതാകണമെന്നില്ല. റോഡില്‍ ചാടുന്നയാള്‍ക്ക് അപകടമുണ്ടായാല്‍ അത് ഏതെല്ലാം തരത്തിലുള്ള പ്രചരണത്തിനിടയാക്കും. സാധാരണതരത്തിലുള്ള അന്തരീക്ഷം മാറ്റിമറിക്കലാണ് പിന്നിലുള്ള ഉദ്ദേശ്യം.ഇത് സര്‍ക്കാരിനെതിരായ പ്രതിഷേധമല്ല, ജനങ്ങളോടുള്ള പ്രതിഷേധമാണ്.

വിവിധ തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്ന് ഉണ്ടാകുന്നു. ഇത് അശ്ലീല പരിപാടി എന്ന് പോലും പ്രചാരണം നടന്നു. സംഘര്‍ഷ അന്തരീക്ഷം കൊണ്ടുവന്ന് പരിപാടിക്ക് എത്തുന്ന ജനങ്ങളെ തടയാന്‍ പറ്റുമോ എന്നാണ് നോക്കുന്നത്. ആളൊഴുകുമ്പോള്‍ തടയാന്‍ കഴിയുന്നില്ല എന്നതിനാലാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍. ജനങ്ങളുടെ എല്ലാ പരാതിയും സ്വീകരിക്കുന്നുണ്ട് മറിച്ചുള്ളത് വ്യാജ വാര്‍ത്തകളാണ്. പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാകരുത്. ഇടതുപക്ഷ മനസുഉള്ളവര്‍ സംയമനം പാലിക്കണം’

 

Leave a Reply

Your email address will not be published. Required fields are marked *