മുന്‍ മന്ത്രി കെ.പി.വിശ്വനാഥൻ അന്തരിച്ചു

തൃശൂർ: മുന്‍ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി.വിശ്വനാഥൻ അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1991 മുതൽ 1994 വരെ കെ. കരുണാകരന്റെയും 2004 മുതൽ 2005 വരെ ഉമ്മൻ ചാണ്ടി സർക്കാരിലും വനം വകുപ്പ് മന്ത്രിയായിരുന്നു. ചന്ദനക്കടത്ത് കേസ് പരിഗണിക്കവേ മന്ത്രിയുടെ വിശ്വാസ്യതയില്‍ സംശയമുണ്ടെന്നുള്ള കേരളാ ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് രാജിവെച്ചു. ആറു തവണ എംഎൽഎയായിരുന്നു.

2006, 2011 നിയമസഭ തെരഞ്ഞെടുപ്പുകളിൽ കൊടകരയിൽ നിന്ന് മത്സരിച്ചെങ്കിലും സിപിഎമ്മിലെ സി.രവീന്ദ്രനാഥിനോട് പരാജയപ്പെട്ടു. അഭിഭാഷകനായിരുന്ന അദ്ദേഹം കെപിസിസി എക്സിക്യൂട്ടീവ് അംഗം, തൃശൂർ ഡിസിസി സെക്രട്ടറി, കോൺഗ്രസ് പാർലമെന്ററി പാർട്ടി അംഗം, ഖാദി ബോർഡ് അംഗം, കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അംഗം, തൃശൂർ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം, സംസ്ഥാന സഹകരണ ബാങ്ക് ചെയർമാൻ, ഡയറക്ടർ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്‌. തൃശൂർ കേരള വർമ്മ കോളേജിൽ നിന്ന് ബിരുദം നേടി.

യൂത്ത്കോൺഗ്രസ് വഴി സജീവ രാഷ്ട്രീയത്തിലെത്തി. 1967 മുതൽ 1970 സംഘടനയുടെ തൃശൂർ ജില്ലാ പ്രസിഡൻറായിരുന്നു. 1977ലും 1980ലും കുന്നംകുളം നിയോജകമണ്ഡലത്തിൽ നിന്നും 1987, 1991, 1996 വർഷങ്ങളിലും 2001ലും കൊടകര നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *