മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുണ്ടാക്കാന്‍ ലക്ഷങ്ങളുടെ കശുവണ്ടിപ്പരിപ്പ് പാഴാക്കിയതായി ആരോപണം

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുണ്ടാക്കാന്‍ ലക്ഷങ്ങളുടെ കശുവണ്ടിപ്പരിപ്പ് പാഴാക്കിയതായി ആരോപണം. നവകേരള സദസിനോടനുബന്ധിച്ച് കൊല്ലം ബീച്ചിലാണ് ഡാവിഞ്ചി സുരേഷ് മുപ്പത് അടി വിസ്തീര്‍ണമുള്ള മുഖ്യമന്ത്രിയുടെ ചിത്രം തയ്യാറാക്കിയത്. കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍, മുകേഷ് എം എല്‍ എ അടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു ചിത്രം തയ്യാറാക്കിയതെന്ന് ഒരു മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവിധ വലിപ്പത്തിലുള്ള കശുവണ്ടി ശേഖരിച്ച് നിറം നല്‍കി, രണ്ട് ലക്ഷം രൂപയോളം ചെലവിലാണ് ചിത്രം തയ്യാറാക്കിയത്.
അതേസമയം,? മറ്റന്നാളാണ് നവകേരള സദസ് തലസ്ഥാന ജില്ലയിലേക്ക് പ്രവേശിക്കുന്നത്. പരിപാടി ഗംഭീര വിജയമാക്കാനുള്ള അശ്രാന്തപരിശ്രമത്തിലാണ് ജില്ലാ ഭരണകൂടവും ജില്ലയിലെ ജനപ്രതിനിധികളും. ഡിസംബര്‍ 20 ന് വര്‍ക്കലയിലാണ് ജില്ലയിലെ നവകേരള സദസിന് തുടക്കം. ശിവഗിരിമഠം ഓഡിറ്റോറിയത്തില്‍ വൈകിട്ട് ആറിനാണ് പരിപാടി നടക്കുക. ഡിസംബര്‍ 21ലെ നവകേരള സദസിന് ആറ്റിങ്ങല്‍ പൂജ കണ്‍വെന്‍ഷന്‍ സെന്ററിലെ പ്രഭാത യോഗത്തോടെ തുടക്കമാകും. രാവിലെ ഒന്‍പതിന് വര്‍ക്കല,ആറ്റിങ്ങല്‍,ചിറയിന്‍കീഴ്,വാമനപുരം,നെടുമങ്ങാട് മണ്ഡലങ്ങളിലെ വിവിധ മേഖലകളിലുള്ള വ്യക്തികള്‍ പ്രഭാതയോഗത്തില്‍ പങ്കെടുക്കും.
പതിനൊന്നിന് ചിറയിന്‍കീഴ് ശാര്‍ക്കര ദേവീക്ഷേത്ര മൈതാനത്ത് ചിറയിന്‍കീഴ് മണ്ഡലത്തിലെയും, വൈകിട്ട് മൂന്നിന് ആറ്റിങ്ങല്‍ മാമം മൈതാനത്ത് ആറ്റിങ്ങല്‍ മണ്ഡലത്തിലെയും, 4.30ന് വെഞ്ഞാറമൂട് മാണിക്കോട് ശിവക്ഷേത്രത്തിനു സമീപമുള്ള മൈതാനത്ത് വാമനപുരത്തെയും, ആറിന് നെടുമങ്ങാട് നഗരസഭ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നെടുമങ്ങാട് മണ്ഡലത്തിലെയും ജനങ്ങളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തും.22ന് കാട്ടാക്കട തൂങ്ങാംപാറ കാളിദാസ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പ്രഭായോഗം. കാട്ടാക്കട, അരുവിക്കര,നെയ്യാറ്റിന്‍കര, പാറശാല മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും.രാവിലെ 11ന് ആര്യനാട്, പാലേക്കോണം വില്ലാ നസറേത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അരുവിക്കര മണ്ഡലത്തിലെയും, മൂന്നിന് കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ കാട്ടാക്കട മണ്ഡലത്തിലെയും, 4.30ന് നെയ്യാറ്റിന്‍കര ഡോ.ജി. രാമചന്ദ്രന്‍ മെമ്മോറിയല്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നെയ്യാറ്റിന്‍കര മണ്ഡലത്തിലെയും, വൈകിട്ട് ആറിന് കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളേജില്‍ പാറശാല മണ്ഡലത്തിലെയും നവകേരള സദസുകള്‍ നടക്കും. 23ന് വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളുടെ സംയുക്തസദസോടെ സമാപിക്കും.