നവകേരള സദസ്സുമായി ബന്ധപ്പെട്ട് കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ എംപി

ദില്ലി: നവകേരള സദസ്സുമായി ബന്ധപ്പെട്ട് കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ എംപി. സംസ്ഥാന നേതാക്കള്‍ വിഷയത്തില്‍ നടത്തുന്ന പ്രസ്താവനയിലെ മൂര്‍ച്ച ആക്ഷനില്‍ കാണാനില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ ചര്‍ച്ച ചെയ്യുമെന്ന് പറഞ്ഞ അദ്ദേഹം ജീവന്‍രക്ഷാ പ്രവര്‍ത്തനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നടത്തണമെന്നും പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്നും പറഞ്ഞു.

സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നടക്കുന്ന പോര് ഈനാംപേച്ചിയാണോ മരപ്പട്ടിയാണോ നല്ലതെന്നത് പോലെയാണ്. ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത പേരുകളില്‍ കോണ്‍ഗ്രസുകാര്‍ ഉണ്ടെന്ന ആരോപണം തെറ്റാണ്. കോണ്‍ഗ്രസ് ആരെയും സെനറ്റിലേക്ക് നിര്‍ദേശിച്ചിട്ടില്ല. സേവ് യൂണിവേഴ്‌സിറ്റി ഫോറം കൊടുത്ത പേരുകളില്‍ കോണ്‍ഗ്രസുകാര്‍ ഉണ്ടായേക്കാം. സംഘികളുടെ പേരുകള്‍ ആര് കൊടുത്തു എന്നതിന് ഗവര്‍ണര്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ കാവിവത്കരണവും മാര്‍ക്‌സിസ്റ്റ്വത്കരണവും പാടില്ലെന്ന് വടകര എംപി പറഞ്ഞു. നാമനിര്‍ദ്ദേശത്തിന് പൊതുമാനദണ്ഡം കൊണ്ടുവരണം. ഗവര്‍ണര്‍ക്കെതിരെ ആദ്യം രംഗത്തെത്തിയത് കോണ്‍ഗ്രസാണ്. സിപിഎം ഈ നിലപാടിലേക്ക് എത്തിയത് പിന്നീടാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *