സമര പോരാട്ടങ്ങളില്‍ ലാത്തിയുടെ ചൂടറിഞ്ഞ നേതാവിന് പ്രവര്‍ത്തകരെ കൈവിടാനാകുമോ?

കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നവ കേരള സദസ്സിനെതിരെ പ്രതിഷേധിക്കുന്നതിന്റെ പേരില്‍ വ്യാപകമായി സി.പി.എം പ്രവര്‍ത്തകരുടേയും മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പോലീസുകാരുടെയും കൊടിയ മര്‍ദ്ദനം ഏറ്റുവാങ്ങുമ്പോള്‍ അവര്‍ക്ക് ശക്തമായ പിന്തുണയുമായി തെരുവിലിറങ്ങാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.

നവകേരള സദസ്സ് കാസര്‍ഗോഡ് നിന്ന് ആരംഭിച്ചത് മുതല്‍ കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് കരിങ്കൊടി പ്രതിഷേധവുമായി രംഗത്തെത്തിയത് നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമല്ല. അവര്‍ സ്വയം സമരസന്നദ്ധരായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ആ വികാരം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന കൃത്യമായ സന്ദേശമാണ് കെ.സി വേണുഗോപാല്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തോട് പങ്കുവെച്ചത്. പ്രവര്‍ത്തകര്‍ തെരുവില്‍ അടികൊള്ളുമ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലുള്ള വാക്കുകള്‍ കൊണ്ടുള്ള പ്രതിരോധമല്ല വേണ്ടതെന്ന് വേണുഗോപാല്‍ പറഞ്ഞുവെയ്ക്കുന്നു.

ലാത്തിയുടെ ചൂടറിഞ്ഞിട്ടുള്ള ഒരു നേതാവിനും സ്വന്തം അണികളെ തെരുവില്‍ തല്ലുകൊള്ളാന്‍ വിടാന്‍ സാധ്യമല്ല. അത്തരം ഒരു വികാരമാണ് കെ.സി വേണുഗോപാല്‍ പങ്കുവെച്ചത്. കായംകുളത്ത് ഭിന്നശേഷിക്കാരാനായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോന്‍ കണ്ടല്ലൂരിനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിട്ടും ശക്തമായ പ്രതിഷേധം യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തതിലുള്ള അമര്‍ഷം എ.ഐ.സി.സി പങ്കുവെച്ചിട്ടുണ്ട്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.ജെ ജോബിനും ജനപ്രതിനിധി കൂടിയായ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്ക്ക് നേരെയും സി.പി.എം കയ്യേറ്റം നടത്തിയിട്ടും പ്രതിഷേധം പ്രസ്താവനയില്‍ മാത്രം ചുരുങ്ങിയത് തെറ്റായ സന്ദേശം നല്‍കുമെന്ന വിലയിരുത്തലാണ് എ.ഐ.സി.സി സംസ്ഥാന നേതാക്കളോട് പങ്കുവെച്ചത്.

കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും മര്‍ദ്ദനമേറ്റ പ്രവര്‍ത്തകരെയും കയ്യേറ്റം നേരിട്ട കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുടെ വീടും സന്ദര്‍ശിച്ചത് ഒഴിച്ചാല്‍ ഡി.സി.സി തലത്തിലുള്ള പ്രതിഷേധം പേരിന് മാത്രം ഒതുങ്ങിയെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രവര്‍ത്തകരുടെ വികാരത്തിനൊപ്പം അണിചേരാനും അവര്‍ക്ക് സംരക്ഷണം ഒരുക്കാനും കര്‍ശന നിര്‍ദ്ദേശം കെ.സി വേണുഗോപാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയത്.

ഇതോടെ പോലീസിന്റെയും സി.പി.എമ്മിന്റെയും ആക്രമണത്തിനെതിരായ തുടര്‍ സമരങ്ങള്‍ യുവജനപ്രസ്ഥാനത്തില്‍ നിന്നും കോണ്‍ഗ്രസ് ഏറ്റെടുത്തിരിക്കുകയാണ്. ഡിസംബര്‍ 20-ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 564 പോലീസ് സ്റ്റേഷനുകളിലേക്കും 23-ന് ഡി.ജി.പി ഓഫീസിലേക്കും ബഹുജന പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാന്‍ കെ.പി.സി.സി ഇതിനോടകം നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. 20-ന് മണ്ഡല തലത്തില്‍ നടക്കുന്ന പ്രതിഷേധത്തില്‍ ഏകദേശം അഞ്ചുലക്ഷത്തിലധികം പ്രവര്‍ത്തകരെ അണിനിരത്തി ശക്തിപ്രകടനം നടത്താനാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്. ഇതിന് പുറമെ 23-ന് പോലീസ് ആസ്ഥാനത്തേക്ക് ശക്തമായ പ്രക്ഷോഭം നടത്തി പ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് നിലപാടിനെതിരായ ശക്തമായ താക്കീത് നല്‍കാനും സംസ്ഥാന നേതൃത്വം കണക്ക് കൂട്ടുന്നു.

കെ.എസ്.യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സംസ്ഥാന അധ്യക്ഷ പദവി വഹിച്ചിരുന്ന കാലഘട്ടത്തിലെ സമരോജ്വല പോരാട്ടങ്ങളിലൂടെ ത്യാഗസമ്പന്ന പൊതുജീവിതമുള്ള കെ.സി വേണുഗോപാലിന് ഇന്നത്തെ വിദ്യാര്‍ത്ഥി-യുവജനങ്ങളുടെ മനസ്സ് അറിയാന്‍ കഴിഞ്ഞതില്‍ അത്ഭുതപ്പെടാനില്ല. യുവജന പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ 1980-90 കാലഘട്ടങ്ങളില്‍ കൊടിയ മര്‍ദ്ദനങ്ങളും ജയില്‍വാസവും കെ.സി വേണുഗോപാലിന് അനുഷ്ഠിക്കേണ്ടി വന്നിട്ടുണ്ട്. 1989-ല്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് സമരവുമായി ബന്ധപ്പെട്ട് നന്ദാവനം പോലീസ് ക്യാമ്പില്‍ ക്രൂരമര്‍ദ്ദനത്തിന് വിധേയനായ ചരിത്രവുമുണ്ട് കെ.സി വേണുഗോപാലിന്. കാലിക്കറ്റ് സര്‍വകാലാശാലയിലെ മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട പ്രക്ഷോഭം നയിച്ചപ്പോള്‍ സിന്‍ഡിക്കേറ്റ് യോഗത്തിലേക്ക് തള്ളിക്കയറിയ കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മൃഗീയ ലാത്തിയടിയേറ്റ് ഗുരുതര പരിക്കേറ്റിട്ടുണ്ട്. എം.ജി യൂണിവേഴ്സിറ്റിയിലെ തിരഞ്ഞെടുപ്പ് പ്രക്ഷോഭം, രാമനിലയത്തിലെ പ്രക്ഷോഭം, നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരായ പ്രതിഷേധം, പാഠപുസ്തക സമരം അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത സമര തീക്ഷ്ണമായ പോരാട്ടങ്ങളുടെ ഈറ്റില്ലമായ പൊതുജീവിതമാണ് കെ.സി വേണുഗോപാലിന്റേത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിലിരിക്കെ 1998-ല്‍ കൊല്ലം എസ്.എന്‍ കോളേജിലെ പ്രശ്നത്തില്‍, എസ്.എന്‍ ട്രസ്റ്റിനെതിരെ സി.പി.എം നടത്തിവന്ന ജനാധിപത്യ ധ്വംസനത്തിനെതിരെ എസ്.പി ഓഫീസ് മാര്‍ച്ച് നടത്തുകയും ലാത്തിച്ചാര്‍ജിന് വിധേയനാകുകയും ചെയ്തു.

നേതാവായപ്പോഴും ജനപ്രതിനിധിയായപ്പോഴും കെ.സി വേണുഗോപാലിലെ സമര പോരാട്ടങ്ങളുടെ വീര്യം അല്‍പ്പം പോലും ചോര്‍ന്നില്ല. ദേശിയതലത്തിലും സംസ്ഥാനത്തും ഒട്ടാറെ ചെറുതും വലുതുമായ നിരവധി സമരപരമ്പരകള്‍ക്ക് നേതൃത്വം നല്‍കിയ രാഷ്ട്രീയ പാരമ്പര്യമാണ് കെ.സി വേണുഗോപാലിന്റേത്. എം.എല്‍.എ ആയിരിക്കെ ആലപ്പുഴയില്‍ വ്യാപാരികളെ അകാരണമായി അറസ്റ്റ് ചെയ്തപ്പോഴും പ്രതിഷേധവുമായി രംഗത്ത് വരുകയും പോലീസ് മര്‍ദ്ദനം ഏല്‍ക്കേണ്ടിയും വന്നിട്ടുണ്ട് . ദേശീയതലത്തിലേക്ക് ഉയര്‍ത്തപ്പെട്ടപ്പോഴും നാഷണല്‍ ഹെറാള്‍ഡ് കള്ളക്കേസിലും രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തി കേസിലും മോദി ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നടപടികള്‍ക്കെതിരേയും ജനാധിപത്യ സംരക്ഷണ പോരാട്ടങ്ങളിലും മുന്നില്‍ നിന്ന് നയിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊള്ളുന്ന കെ.സി വേണുഗോപാല്‍ കേരളത്തിലെ യുവജന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് അവര്‍ക്ക് സംരക്ഷണം ഒരുക്കാന്‍ സംസ്ഥാനഘടകത്തിന് നിര്‍ദ്ദേശം നല്‍കിയതില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകാന്‍ വഴിയില്ല.

 

Leave a Reply

Your email address will not be published. Required fields are marked *