ന്യൂഡല്‍ഹി: രാജ്യത്ത് ജെഎഎന്‍ വണ്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 358 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2,669 ആയി. മൂന്നുപേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 5,33,327 ആയി. 4,44,70,576പേര്‍ക്കാണ് രോഗം ഭേദമായത്. നിലവില്‍ 98.81 ആണ് രോഗമുക്തി നിരക്ക്.
കേരളം, കര്‍ണാടക, ഗുജറാത്ത്, തമിവ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണ് പുതിയ കേസുകള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് രോഗികളുടെ എണ്ണവും മരണ നിരക്കും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രാലയം അവലോകന യോഗം ചേര്‍ന്നിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണെന്ന് യോഗം വിലയിരുത്തി. രോഗം തടയാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും സംയുക്തമായ ശ്രമം നടത്തണമെന്നും, രോഗ ലക്ഷണങ്ങള്‍ കാണുന്നവരെ നിരീക്ഷിക്കാനും തീവ്രമായി രോഗം ബാധിക്കുന്നവര്‍ക്ക് യഥാസമയം വേണ്ട ചികിത്സ ലഭ്യമാക്കണമെന്നും നിര്‍ദേശം നല്കി.