കൊച്ചി : ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിന് ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് കൈകൊടുത്ത് ഹൈക്കോടതി. കുടിശികയായ പെന്‍ഷന്‍ മറിയക്കുട്ടിക്ക് നല്‍കിയേ തീരൂവെന്ന് കോടതി പറഞ്ഞു. അതിന് കഴിഞ്ഞില്ലെങ്കില്‍ മൂന്ന് മാസത്തെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണം. മരുന്നിന്റെയും ആഹാരത്തിന്റെയും ചെലവാണ് സര്‍ക്കാര്‍ നല്‍കേണ്ടത്. വിധവാപെന്‍ഷന്‍ കുടിശിക അനുവദിച്ചില്ലെന്ന് ആരോപിച്ച് മറിയക്കുട്ടി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
ക്രിസ്മസിന് പെന്‍ഷന്‍ ആവശ്യപ്പെട്ട് 78 വയസ്സുള്ള സ്ത്രീ കോടതിയിലെത്തിയത് നിസാരമായി കാണാന്‍ കഴില്ല. കോടതിക്ക് മറിയക്കുട്ടി വിഐപിയാണെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. പെന്‍ഷന്‍ അനുവദിക്കുന്നതിലെ കേന്ദ്ര വിഹിതം കിട്ടിയിട്ടില്ലെന്നും, സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
1600 രൂപയല്ലേ ചോദിക്കുന്നുളളു എന്ന് പറഞ്ഞ കോടതി സര്‍ക്കാരിന്റെ കൈയില്‍ പണം ഇല്ലെന്ന് പറയരുതെന്നും ആവശ്യപ്പെട്ടു. പണം ഇല്ലാത്തതിന്റെ പേരില്‍ ഒരു ആഘോഷവും മാറ്റിവച്ചിട്ടില്ല. എന്നാല്‍ സാധാരണക്കാരന് കൊടുക്കാന്‍ പണമില്ല എന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. പെന്‍ഷന്‍ കൊടുക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. 1600 രൂപ സര്‍ക്കാരിന് ഒന്നും അല്ലായിരിക്കും എന്നാല്‍ മറിയക്കുട്ടിക്ക് അതൊരു വലിയ തുകയാണ്. സര്‍ക്കാര്‍ മുന്‍ഗണന നിശ്ചയിച്ച് തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.