തിരുവനന്തപുരം: ഡി ജി പി ഓഫീസിലേയ്ക്ക് കെ പി സി സി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കെ എസ് യു – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസിന്റെയും സി പി എമ്മിന്റെയും ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഡി ജി പി ഓഫീസിലേക്ക് കെ പി സി സി മാര്‍ച്ച് നടത്തിയത്. പ്രതിഷേധ മാര്‍ച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരനാണ് ഉദ്ഘാടനം ചെയ്തത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറാന്‍ ശ്രമിച്ചു. ഇതിന് പിന്നാലെ പൊലീസ് ജലപീരങ്കിയും ടിയര്‍ ഗ്യാസുകള്‍ പ്രയോഗിക്കുകയായിരുന്നു. പൊലീസിന് നേരെ വനിതാ നേതാക്കള്‍ അടക്കം കല്ലേറ് നടത്തി. കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിച്ച വേദിയുടെ പിന്നിലാണ് ടിയര്‍ ഗ്യാസുകള്‍ വന്നുവീണത്. വിഡി സതീശന്‍ പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിച്ചു.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കെ സുധാകരനെ ആശുപത്രിയിലേയ്ക്ക് മാറ്റി. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളെ സ്ഥലത്ത് നിന്ന് പ്രവര്‍ത്തകര്‍ മാറ്റി. യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് നടപടിയെന്നാണ് നേതാക്കള്‍ ആരോപിക്കുന്നത്. പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെ മുതിര്‍ന്ന നേതാക്കള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.സമാധാനപരമായ മാര്‍ച്ച് ആരംഭിക്കുന്നതിന് മുന്‍പ് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി പറഞ്ഞു. ജനകീയ സമരങ്ങള്‍ അടിച്ചമാര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രി ഇതിന് മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.