മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ കൂളിംഗ് ഗ്ലാസ് വച്ച് വീഡിയോ എടുത്ത എസ്എഫ്ഐ

കൊച്ചി: മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ കൂളിംഗ് ഗ്ലാസ് വച്ച് വീഡിയോ എടുത്ത എസ്എഫ്ഐ നേതാവിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ഫേസ്ബുക്കില്‍ പങ്കുവച്ച ഒറ്റ വരി പോസ്റ്റിലാണ് രാഹുലിന്റെ പ്രതികരണം. രാഷ്ട്രപിതാവ് ആരെന്ന് അറിയാത്തത് കൊണ്ടാണല്ലോ അവന്‍ എസ്എഫ്ഐ ആയത്, ഹേ റാം എന്നാണ് രാഹുല്‍ കുറിച്ചത്. വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ടും രാഹുല്‍ പോസ്റ്റില്‍ പങ്കുവച്ചിരുന്നു.
ആലുവ എടത്തല ചൂണ്ടി ഭാരത് മാതാ ലോ കോളേജിലുള്ള മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്കാണ് എസ്എഫ്ഐ ഏരിയ കമ്മിറ്റി അംഗവും കോളേജ് യൂണിയന്‍ ഭാരവാഹിയുമായ നാസര്‍ കൂളിംഗ് ഗ്ലാസ് വച്ചത്. മഹാത്മാഗാന്ധിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഭവത്തില്‍ കെഎസ്യു പരാതി നല്‍കിയിരുന്നു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മഹാത്മഗാന്ധി എന്തായാലും മരിച്ചതല്ലേ എന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്. നാസറിന്റെ കൂടെയുള്ളവര്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയത്. സംഭവത്തില്‍ എസ്എഫ്ഐ നേതൃത്വം പ്രതികരിച്ചിട്ടില്ല. കാര്യം എന്താണെന്ന് അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്നാണ് എസ്എഫ്ഐ ജില്ലാ നേതൃത്വം അറിയിച്ചിരിക്കുന്നത്.