രാമക്ഷേത്ര ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ വ്യത്യസ്ത അഭിപ്രായവുമായി കോണ്‍ഗ്രസ് നേതാക്കള്‍

കോഴിക്കോട്: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങില്‍ നേതാക്കള്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം. നേതാക്കളായ മുന്‍ കെ പി സി സി പ്രസിഡന്റ് കെ മുരളീധരന് എംപി, ശശി തരൂര്‍ എംപി, കെ പി സി സി പ്രസിഡന്റ് കെ സുധാകരന്, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവര്‍ ഭിന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്.
ചടങ്ങില്‍ പങ്കെടുക്കരുതെന്നാണ് കേരളത്തിലെ പാര്‍ട്ടിയുടെ നിലപാടെന്നും അത് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കെ മുരളീധരന് വ്യക്തമാക്കി. പാര്‍ട്ടിയിലും ഇന്ത്യ മുന്നണിയിലെ കക്ഷികള്‍ക്കിടയിലും ആലോചിച്ച് ഉചിതമായ തീരുമാനം ദേശീയ നേതൃത്വം സ്വീകരിക്കും. കേരളത്തിലെ പാര്‍ട്ടിയുടെ വികാരം കെ സി വേണുഗോപാലിനെ അറിയിച്ചിട്ടുണ്ട്. ഒരു കാരണവശാലും പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കരുതെന്നാണ് കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനമെന്നും കെ മുരളീധരന് പറഞ്ഞു.
അതേസമയം, കെ മുരളീധരന്റെ പ്രതികരണത്തെക്കുറിച്ച് അദ്ദേഹത്തോടുതന്നെ ചോദിക്കൂവെന്നായിരുന്നു കെ സുധാകരന് പറഞ്ഞത്. ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് ദേശീയ നേതൃത്വമാണ് തീരുമാനമെടുക്കുക മറിച്ച് കെ പി സി സി അല്ല. പാര്‍ട്ടി ചോദിച്ചാല്‍ അഭിപ്രായം പറയുമെന്നും കെ സുധാകരന് വ്യക്തമാക്കി.മതവിശ്വാസമില്ലാത്ത സിപിഎമ്മിന് എളുപ്പത്തില്‍ തീരുമാനമെടുക്കാമെന്നും എന്നാല്‍ കോണ്‍ഗ്രസിന് അങ്ങനെ സാധിക്കില്ലെന്നും ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റേത് ബിജെപിയുടെയോ സിപിഎമ്മിന്റെയോ പ്രത്യയശാസ്ത്രമല്ല.
കോണ്‍ഗ്രസ് ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രത്യയശാസ്ത്രമായി കാണുന്നു. ഹിന്ദു മതവുമായി അതിന് യാതൊരു ബന്ധവുമില്ല. ഞങ്ങള്‍ക്ക് സ്വയം തീരുമാനമെടുക്കാന്‍ അല്‍പ്പം സമയം തരൂവെന്നും തരൂര്‍ അഭ്യര്‍ത്ഥിച്ചു.ക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങിനെ രാഷ്ട്രീയവത്കരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചു. ബിജെപിയുടെ കെണിയൊന്നും നടക്കാന്‍ പോകുന്നില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ നിലപാടുണ്ട്. അവര്‍ക്കെങ്ങനെ ഞങ്ങളെ കെണിയില്‍പ്പെടുത്താന്‍ കഴിയുമെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു.