തിരുവനന്തപുരം: പുതുതായി മാവേലി സ്റ്റോറുകള്‍ തുടങ്ങുന്നതിനു പകരം അഞ്ഞൂറോളം സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുറക്കും. പൊതുവിപണിയെ നേരിടാനാണ് പുതിയ സംവിധാനത്തിലേക്ക് മാറുന്നത്. ആനുപാതികമായി മാവേലി സ്റ്റോറുകള്‍ കുറയ്ക്കും. നിലവില്‍ സപ്‌ളൈകോയുടെ കീഴില്‍ 581 സൂപ്പര്‍ മാര്‍ക്കറ്റുകളുണ്ട്. ഇതോടെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആയിരമാവും.
സബ്‌സിഡി സാധനങ്ങള്‍ക്കും പലവ്യഞ്ജനങ്ങള്‍ക്കും പുറമെ ഇലക്ട്രോണിക് സാധനങ്ങളും സൂപ്പര്‍ മാര്‍ക്കറ്റുകളിലെത്തിക്കും. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്ന ശീലം ജനങ്ങളില്‍ വ്യാപകമായതോടെയാണ് ഭക്ഷ്യ വകുപ്പും ആ വഴിക്ക് നീങ്ങുന്നത്. ഭാവിയില്‍ ഒരു പഞ്ചായത്തില്‍ രണ്ട് സൂപ്പര്‍ മാര്‍ക്കറ്റ് എന്നതാണ് ലക്ഷ്യം. സൂപ്പര്‍ മാര്‍ക്കറ്റ് സജ്ജമാക്കാന്‍ കഴിയുന്ന കെട്ടിടം ലഭ്യമാക്കാന്‍ ഗ്രാമപഞ്ചായത്തുകളുടെ സഹായം തേടും. സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ മാതൃകയില്‍ പര്‍ച്ചേസിംഗ് കാര്‍ഡുകള്‍ പുറത്തിറക്കും. സപ്ലൈകോയുടെ ഇപ്പോഴത്തെ അവസ്ഥ പഠിച്ച് റിപ്പോര്‍ട്ട് നല്‍കിയ സംസ്ഥാന ആസൂത്രണ കമ്മിഷന്‍ അംഗം ഡോ. രവിരാമന്‍ അദ്ധ്യക്ഷനായ സമിതിയുടെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത്.
പണ്ടത്തെ രീതിയിലുള്ള മാവേലി സ്റ്റോറുകള്‍ ജനങ്ങളെ ആകര്‍ഷിക്കില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.വിതരണക്കാര്‍ക്ക് നല്‍കാനുളള പണം കൊടുത്തുതീര്‍ക്കുകയാണ് സപ്ലൈകോയുടെ പ്രധാന വെല്ലുവിളി. വിപണി ഇടപെടലിന് സര്‍ക്കാരില്‍ നിന്ന് കിട്ടാനുള്ള 1525 കോടി രൂപയില്‍ പകുതി നല്‍കിയാല്‍ ഈ പ്രശ്‌നം പരിഹരിക്കാം. 750 കോടി രൂപയാണ് വിതരണക്കാര്‍ക്ക് നല്‍കാനുള്ളത്. അതില്‍ പകുതി കൊടുത്താല്‍ അവര്‍ വീണ്ടും സാധനങ്ങള്‍ എത്തിക്കും. സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെ അധിക വരുമാനം ലഭിച്ചാല്‍ സര്‍ക്കാര്‍ സഹായമില്ലാതെ സബ്‌സിഡി സാധനങ്ങള്‍ വിതരണം ചെയ്യാനുമാകും. വിപണി വിലയുടെ 25% മുതല്‍ 30% വരെ വിലക്കുറവില്‍ സബ്‌സിഡി സാധനങ്ങള്‍ വില്‍ക്കാനാണ് ധാരണ.