നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ നിര്‍ത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്‌കുമാര്‍

തിരുവനന്തപുരം: നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ നിര്‍ത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്‌കുമാര്‍. ജനപ്രതിനിധികള്‍ പരിഭവിക്കരുതെന്ന് പറഞ്ഞ മന്ത്രി മറ്റ് യാത്രാ സംവിധാനങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ സര്‍വീസ് നിലനിര്‍ത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്നാണ് മന്ത്രി ഓഫീസിലെത്തി ചുമതലയേറ്റെടുത്തത്.

അധികം പരിപാടികളില്‍ പങ്കെടുക്കില്ലെന്നും പത്തനാപുരം മണ്ഡലത്തിലെ പരിപാടികളില്‍ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. തിങ്കള്‍ മുതല്‍ വ്യാഴം വരെ ഓഫീസില്‍ ഉണ്ടാകും. ക്യാബിനറ്റ് കഴിഞ്ഞ് വകുപ്പിലെ ഉദ്യോഗസ്ഥരെ കാണും. കെഎസ്ആര്‍ടിസി പ്രശനങ്ങള്‍ പരിഹരിക്കുമെന്നും
വരുമാനത്തിനൊപ്പം കൂട്ടുക മാത്രം അല്ല ചെലവ് കുറക്കല്‍ ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് സ്വീകരിക്കാന്‍ ഉള്ള ശ്രമം നടത്തും. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്കളില്‍ ടോയ്‌ലറ്റ് അടക്കമുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. കെഎസ്ആര്‍ടിസി ജനകീയം ആക്കും.

ജനങ്ങള്‍ക്ക് ഉപകാരമെങ്കില്‍ സംസ്ഥാനത്തെ മുക്കിലും മൂലയിലും സര്‍വീസ് നടത്തും. എഐ കാമറ കെല്‍ട്രോണ്‍ കൊടുക്കാനുള്ള പണം സംബന്ധിച്ച വിഷയത്തില്‍ ധനകാര്യ മന്ത്രിയുമായി സംസാരിക്കും. എന്തുകൊണ്ട് കൊടുക്കാന്‍ പറ്റുന്നില്ല എന്ന് പരിശോധിച്ച് കെല്‍ട്രോണിന് പണം കൊടുക്കുമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. മുന്‍ മന്ത്രിയുമായി ഒരു പിണക്കവും ഇല്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. കൂടാതെ ഡ്രൈവിങ് ടെസ്റ്റ്കള്‍ കര്‍ശനമാക്കുമെന്നും ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന വാഹങ്ങളില്‍ ക്യാമറ വെക്കുമെന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിച്ചാല്‍ കര്‍ശന നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *