സെക്രട്ടറിയേറ്റിലെ ശുചീകരണ തൊഴിലാളികള്‍ക്ക് കറുത്ത കോട്ട് വാങ്ങാന്‍ പണം അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ശുചീകരണ തൊഴിലാളികള്‍ക്ക് കറുത്ത കോട്ട് വാങ്ങാന്‍ പണം അനുവദിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രി പോകുന്നിടത്തെല്ലാം കറുപ്പിന് അപ്രഖ്യാപിത വിലക്കുള്ളപ്പോഴാണ് സെക്രട്ടറിയേറ്റിലെ ശുചീകരണ തൊഴിലാളികള്‍ക്ക് കറുത്ത കോട്ട് വാങ്ങുന്നതിന് അനുമതി നല്‍കിയിരിക്കുന്നത്. ഇതാദ്യമായാണ് തൊഴിലാളികള്‍ക്ക് കോട്ട് വാങ്ങാന്‍ പണം അനുവദിക്കുന്നത്. കൈത്തറി വികസന കോര്‍പ്പറേഷന്‍ വഴി 188 കോട്ടുകളാണ് വാങ്ങുന്നത്. മുഖ്യമന്ത്രിയുടെ സഞ്ചാരപദത്തില്‍ കറുപ്പ് കണ്ടാല്‍ വെപ്രാളപ്പെടുന്ന പൊലീസും കരിങ്കൊടി കാണിച്ചാല്‍ അടിച്ചോടിക്കുന്ന ജീവന്‍ രക്ഷസേനയും ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ക്ക് കഴിഞ്ഞ ഒരു മാസത്തിലധികമായി സംസ്ഥാനം സാക്ഷിയായതാണ്.

നവകേരള സദസ് തുടങ്ങിയതു മുതലാണ് കറുത്ത വസ്ത്രത്തിനുള്ള അപ്രഖ്യാപിത വിലക്ക് കൂടുതല്‍ രൂക്ഷമായത്. പൊതു പരിപാടികളില്‍ കറുത്ത വസ്ത്രം ധരിച്ചെത്തുന്നവരെ ഇറക്കി വിടുന്ന സംഭവങ്ങള്‍ വരെയുണ്ടായി. നവകേരള സദസിലടക്കം കറുപ്പിന്റെ സ്ഥാനം പടിക്ക് പുറത്തായിരുന്നു. നവകേരള സദസ് കാണാനെത്തിയ സ്ത്രീയെ പൊലീസ് ഏഴു മണിക്കൂറോളം തടഞ്ഞുവെച്ച സംഭവം വരെയുണ്ടായി. മുഖ്യമന്ത്രിക്ക് കറുപ്പ് അലര്‍ജിയെന്നും പേടിയെന്നും പ്രതിപക്ഷ വിമര്‍ശനവും ഇതിനിടെ ശക്തമായിരുന്നു. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിരിക്കുന്ന സെക്രട്ടറിയേറ്റില്‍ കറുത്ത് വസ്ത്രം സ്ഥിരം കാഴ്ചയാകാന്‍ പോകുന്ന ഉത്തരവാണ് പൊതുഭരണ വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്.

മുഴുവന്‍ ശുചീകരണ തൊഴിലാളികള്‍ക്ക് കറുത്ത കോട്ട് നല്‍കാനാണ് തീരുമാനം. പുതിയ കോട്ട് വാങ്ങാന്‍ കൈത്തറി വികസന കോര്‍പ്പറേഷന് 96726 രൂപ അനുവദിച്ച് പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്. ഉത്തരവ് സര്‍ക്കാരിന്റേത് ആണെങ്കിലും കോട്ടിന്റെ നിറം കറുപ്പല്ലേ എന്നതാണ് തൊഴിലാളികളുടെ ആശങ്ക. ഇനി കറുത്ത് കോട്ടിട്ട് എത്തിയാല്‍ പൊലീസ് പൊക്കുമോ എന്നും തൊഴിലാളികള്‍ക്കിടയില്‍ കരക്കമ്പിയും സജീവമാണ്. കോട്ട് ഏതായാലും യുണിഫോമല്ലെ ഇട്ടല്ലേ പറ്റു എന്നും ബാക്കി ഒക്കെ നേരിടാമെന്നും തൊഴിലാളികള്‍ അടക്കം പറയുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *