രാജസ്ഥാനില്‍ ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് കൂട്ടി കോണ്‍ഗ്രസ്, ബിജെപിക്ക് തിരിച്ചടി

ജയ്പൂര്‍: രാജസ്ഥാനില്‍ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ്. കരന്‍പൂരിലെ മന്ത്രിയായിരുന്ന ബിജെപി സ്ഥാനാര്‍ഥി സുന്ദര്‍പാല്‍ സിങ്ങിനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രൂപീന്ദര്‍ സിങ്ങ് കൂനൂര്‍ പരാജയപ്പെടുത്തിയത്. 12,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം. ഇതോടെ നിയമസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 69ല്‍ നിന്ന് 70 ആയി. അതേസമയം 115 എംഎല്‍എമാരാണ് ബിജെപിക്ക് ഉള്ളത്.

രൂപീന്ദര്‍ സിങ്ങ് കൂനൂറിന്റെ പിതാവായിരുന്ന ഗുര്‍മീത് സിങ്ങ് കൂനൂറായിരുന്നു കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്. എന്നാല്‍ നവംബറില്‍ അദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു.

തിരഞ്ഞെടുപ്പിനിടെ ബിജിപി സ്ഥാനാര്‍ഥിക്ക് മന്ത്രിസ്ഥാനം നല്‍കി തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചതിന് ലഭിച്ച കനത്ത തിരിച്ചടിയാണ് ഈ ജയമെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ഗഹലോത്ത് സമൂഹമാധ്യമത്തില്‍ കുറിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ ഡിസംബറില്‍ ന്യൂനപക്ഷ- വഖഫ് അടക്കം നാല് വകുപ്പുകളുടെ സ്വതന്ത്ര ചുമതലയാണ് ബിജെപി സുരേന്ദര്‍ പാലിന് നല്‍കിയത്. മന്ത്രിയാക്കി ഉപതിരഞ്ഞെടുപ്പ് വിജയിക്കാനുള്ള തന്ത്രമാണ് പാളിയത്. നവംബര്‍ 25നായിരുന്നു സംസ്ഥാന നിയമസഭയിലേക്കുള്ള തിരിഞ്ഞെടുപ്പ് നടന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *