പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ വിജിലന്‍സ് കുരുക്ക് മുറുകുന്നു

കേസ് അന്വേഷണം ഊര്‍ജ്ജിതമാക്കി തിരുവനന്തപുരം സ്പെഷല്‍ യൂണിറ്റിന്
തിരുവനന്തപുരം: വിദേശ ഫണ്ട് തട്ടിച്ചുവെന്ന കേസില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായ അന്വേഷണം വിജിലന്‍സ് ഊര്‍ജ്ജിതമാക്കി. വിജിലന്‍സ് തിരുവനന്തപുരം സ്പെഷല്‍ യൂണിറ്റ് രണ്ടിലെ എസ് പി അജയകുമാറിനാണ് അന്വേഷണ ചുമതല. വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായി ആദ്യം പരിശോധിച്ചത്. 2018 ലെ പ്രളയത്തിന് ശേഷം പറവൂര്‍ മണ്ഡലത്തില്‍ വി ഡി സതീശന്‍ നടപ്പാക്കിയ പുനര്‍ജനി പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട വിദേശയാത്ര, പണപ്പിരിവ്, പണത്തിന്റെ വിനിയോഗം എന്നിവ അന്വേഷിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. വി ഡി സതീശനെതിരെ മൂന്നുവര്‍ഷം മുമ്പ് പരാതി ലഭിച്ച ഘട്ടത്തില്‍ രഹസ്യാന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് ഇന്ന് രാവിലെ തിരുവനന്തപുരം
വിജിലന്‍സ് സ്പെഷല്‍ യൂണിറ്റ് രണ്ടിലെ ഡി.വൈ എസ് പി, എസ് അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പറവൂരിലേക്ക് പോയി. രാവിലെ അവിടെ എത്തിയ സംഘം നഗരസഭ ഓഫീസിലും മറ്റും പോയി
ഉദ്യോഗസ്ഥരുടെ മൊഴി എടുത്തു. രണ്ട് ദിവസം സംഘം പറവൂരില്‍ ഉണ്ടാകും. പറവൂര്‍ ഗസ്റ്റ് ഹൗസിലാണ് വിജിലന്‍സ് സംഘം ക്യാമ്പ് ചെയ്യുന്നത്. സംസ്ഥാനമാകെ പ്രവര്‍ത്തനപരിധിയുണ്ട് എന്നതു കണക്കിലെടുത്തുമാണ് ഇതേ യൂണിറ്റിനു തന്നെ അന്വേഷണച്ചുമതല കൈമാറിയിട്ടുള്ളത്. സതീശന്റെ മണ്ഡലമായ പറവൂരില്‍ പ്രളയത്തില്‍ വീടു തകര്‍ന്ന ഏതാണ്ട് 280 പേര്‍ക്കാണ് പുനര്‍ജനി പദ്ധതിയില്‍ വീടു നിര്‍മ്മിച്ചു നല്‍കിയത്. ഇതില്‍ 37 വീടുകള്‍ വിദേശമലയാളികളുടെ സ്പോണ്‍സര്‍ഷിപ്പ് മുഖേന നിര്‍മ്മിച്ചവയാണ്.